സംവിധായകനും നടനുമായ അഭിഷൻ ജീവിന്തിനും ഭാര്യ അഖില ഇളങ്കോവനും പെൺകുഞ്ഞ് ജനിച്ചു. താൻ അച്ഛനായ വിവരം അഭിഷൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനെ കൈകളിൽ എടുത്തുപിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് 'Officially A Girl Dad' എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഒന്നാം വിവാഹവാർഷികത്തിന് പിന്നാലെയാണ് പുതിയ വിശേഷവുമെത്തിയത്. ഒക്ടോബർ 31-നായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹവാർഷികം. വാർഷികം ആഘോഷിച്ച് കൃത്യം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയ വിവരം ദമ്പതികൾ പങ്കുവെക്കുന്നത്.
കുഞ്ഞിന്റെ ചിത്രം പങ്കുവച്ചതിന് പിന്നാലെ സിനിമാ രംഗത്തുനിന്നും ആരാധകരിൽ ആശംസാ പ്രവാഹമാണ് ദമ്പതികൾക്ക്. 'ട്രെയിലർ കഴിഞ്ഞു. ഇനി യഥാർത്ഥ ജീവിതത്തിലെ സിനിമ ആരംഭിക്കുകയാണ്. നിങ്ങൾക്കും ഭാര്യയ്ക്കും എന്റെ ആശംസകൾ,' എന്നാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ കഴിഞ്ഞ വര്‍ഷം ഒക്ടോബർ 31-നായിരുന്നു ചെന്നൈയിൽ വെച്ച് ഇവരുടെ വിവാഹം നടന്നത്.
2025ല്‍ ഹിറ്റായ തമിഴ് ചിത്രം 'ടൂറിസ്റ്റ് ഫാമിലി' സംവിധാനം ചെയ്തുകൊണ്ടാണ് അഭിഷൻ ശ്രദ്ധേയനാകുന്നത്. ഈ ചിത്രത്തിൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സൗന്ദര്യ രജനികാന്ത് നിർമ്മിച്ച 'വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനായും അരങ്ങേറ്റം കുറിച്ചു. കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ പ്രധാന വേഷത്തിലെത്തുന്ന 'പിക്കാസോ' ആണ് അഭിഷന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.