സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ പുതിയ വ്ലോഗ്. പങ്കാളിയായ അശ്വിന്റെ അമ്മയെ താൻ ‘അമ്മ’ എന്നു വിളിക്കില്ലെന്നും സിന്ധു കൃഷ്ണയെ മാത്രമേ അങ്ങനെ വിളിക്കൂ എന്നും ദിയ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ദിയ. മുൻപ് വിഡിയോകളിൽ അശ്വിന്റെ അമ്മയെ ‘മീനമ്മ’ എന്നു വിളിച്ചിരുന്നത് മാർക്കറ്റിങ്ങിനും രസത്തിനും വേണ്ടിയായിരുന്നുവെന്നും അല്ലാത്ത സമയങ്ങളിൽ പണ്ടുമുതലേ അവരെ ‘ആന്റി’ എന്നാണ് വിളിച്ചിരുന്നതെന്നും ദിയ പറഞ്ഞു. വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകൾ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും ദിയ വിശദീകരിച്ചു.

‘വിവാഹശേഷവും ഒരു കുട്ടി ജനിച്ചശേഷവും നമ്മൾ എപ്പോഴും കൃത്യമായ ചില അതിരുകൾ സൂക്ഷിക്കണം. ആരുടെയും ഇടപെടൽ വേണ്ടെങ്കിൽ അത് തുടക്കത്തിലേ പറയണം. തുടക്കത്തിൽ നിങ്ങൾ എത്ര മിണ്ടാതിരിക്കുന്നുവോ, പിന്നീട് ആരായാലും നമ്മുടെ തലയിൽ കയറും. എനിക്ക് വേണ്ട രീതികളെക്കുറിച്ച് തുടക്കത്തിലേ അശ്വിനും ഞാനും എന്റെ വീട്ടുകാരോടും അശ്വിന്റെ വീട്ടുകാരോടും പറഞ്ഞിരുന്നു.

‘അതിരുകൾ എപ്പോഴും കർശനമായി പാലിക്കണം. വളരെ സാധാരണമായ പെരുമാറ്റരീതിയും ഉത്തരവാദിത്തബോധവും അവിടെ വേണം. പിന്നെ, പുരുഷന്മാരുടെ മേലുള്ള അമിതമായ അടുപ്പമോ ഇടപെടലുകളോ എനിക്ക് താൽപ്പര്യമില്ല. സത്യത്തിൽ, എന്റെ ഭർത്താവിന്റെ കുടുംബത്തോട് എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളോ എതിർപ്പുകളോ ഒന്നുമില്ല,’ ദിയ പറഞ്ഞു.

താനും അശ്വിനും കുറച്ചുനാൾ കൂടി ഡേറ്റിങ് തുടരുമെന്നാണ് കരുതിയിരുന്നതെന്നും അശ്വിന്റെ കുടുംബത്തിന്റെ നിർബന്ധം കാരണമാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നും ദിയ വെളിപ്പെടുത്തി. ‘ഞാനും അശ്വിനും കുറേനാൾ കൂടി ഡേറ്റ് ചെയ്ത് നടക്കുമെന്നാണ് കരുതിയത്. അശ്വിന്റെ കുടുംബം ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞശേഷം ഇപ്പോൾത്തന്നെ വിവാഹം കഴിക്കണമെന്ന് സമ്മർദം ചെലുത്തി. അഞ്ചാറ് വർഷം കൂടി ഡേറ്റ് ചെയ്ത് നടന്നാലും എന്റെ കുടുംബത്തിന് പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല.

‘പക്ഷേ, അശ്വിന്റെ കുടുംബം കുറച്ചുകൂടി കൺസർവേറ്റീവാണ്. അങ്ങനെ സമ്മർദം വന്നപ്പോഴാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഞാനും എത്തിയത്. എന്റെ വീട്ടിൽ ഇക്കാര്യം പറയുമ്പോൾ അവർ സമ്മതിക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ, പെട്ടെന്നൊരു ദിവസം അവർ പറഞ്ഞു, നിനക്ക് വേണമെങ്കിൽ കെട്ടിക്കോ എന്ന്.

‘ഞാനും അശ്വിനും ആ സമയത്ത് ഒരുപാട് യാത്ര ചെയ്യുമായിരുന്നു. വിവാഹം കഴിച്ചാലും എന്ത് വ്യത്യാസമാണ് വരാനുള്ളത്? ഒരുമിച്ച് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യാമല്ലോ എന്ന് ഞങ്ങളും കരുതി. എടുത്തുചാടിയുള്ള വിവാഹമായിരുന്നു. വിവാഹാഘോഷങ്ങൾ പ്ലാൻ ചെയ്യാൻ അധികം സമയം കിട്ടിയില്ല. അമ്മുവിന്റെ വിവാഹം അവൾ ഒരു വർഷം പ്ലാൻ ചെയ്താണ് നടത്തിയത്. എനിക്കങ്ങനെ പ്ലാൻ ചെയ്യാനൊന്നും ക്ഷമയില്ല,’ ദിയ പറഞ്ഞു.

അശ്വിന്റെ അമ്മയെ ‘മീനമ്മ’ എന്നു വിളിച്ചിരുന്നത് മാറ്റി ‘ആന്റി’ എന്നാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും ദിയ മറുപടി നൽകി. ‘അശ്വിന്റെ അമ്മയെ ഞാൻ മുൻപ് മീനമ്മ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് ആന്റി എന്നു വിളിക്കുന്നത് എന്ന് ഒരാൾ ചോദിച്ചിരുന്നു. സത്യം പറയട്ടെ, ഞാൻ അവരെ ഒരിക്കലും ഔപചാരികമായി മീനമ്മ എന്നല്ല വിളിച്ചിരുന്നത്. എന്റെ കുക്കിങ് വിഡിയോകളിൽ അവർ വരുമ്പോൾ, അവർക്ക് ‘മീനമ്മാസ് കിച്ചൺ’ എന്ന ബിസിനസ് ഉള്ളതുകൊണ്ട് വിഡിയോകളിൽ മീനമ്മ എന്നു വിളിക്കുന്നതായിരുന്നു. ഞാൻ അവരെ അമ്മ എന്നു ചേർത്ത് ഒരിക്കലും വിളിച്ചിട്ടില്ല.

‘വ്ലോഗിൽ മീനമ്മാസ് കിച്ചണിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയാണ് മീനമ്മ എന്നു വിളിക്കുന്നത്. അവരെ പരിചയപ്പെട്ട നാൾ മുതൽ ആന്റി എന്നാണ് വിളിക്കുന്നത്. ഇന്നും ഞാൻ അങ്ങനെയാണ്. മരിക്കുന്നതുവരെ ആന്റി എന്നുതന്നെ വിളിക്കും. എന്റെ അമ്മ സിന്ധു കൃഷ്ണയാണ്. അമ്മയെ മാത്രമാണ് ഞാൻ അമ്മ എന്നു വിളിക്കുന്നത്. അശ്വിൻ എന്റെ അമ്മയെ സിന്ധു എന്നാണ് വിളിക്കുന്നത്. അമ്മയ്ക്ക് അത് ഇഷ്ടമാണ്. അശ്വിൻ സിന്ധു എന്നു വിളിക്കുമ്പോൾ അമ്മയ്ക്ക് ചെറുപ്പക്കാരിയായി തോന്നും. ഒരു സുഹൃത്തിനെപ്പോലെയാണ് അപ്പോൾ തോന്നുക.

‘അശ്വിന്റെ അമ്മയെ എനിക്ക് പേര് വിളിക്കാൻ പറ്റില്ല. കാരണം, അവർ എന്റെ അമ്മയേക്കാൾ പത്തുവയസ്സ് മൂത്തതാണ്. ഏകദേശം എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പ്രായമുണ്ട്. അവരെ എനിക്ക് ചെന്ന് പേര് വിളിക്കാൻ പറ്റില്ലല്ലോ. മീനമ്മ എന്ന പേര് നല്ല രസമാണല്ലോ. അതുകൊണ്ടാണ് വ്ലോഗിൽ അങ്ങനെ വിളിക്കുന്നത്. ശരിക്കും ഞാൻ ആന്റി എന്നുതന്നെയാണ് വിളിച്ചിട്ടുള്ളത്. അവർക്കും അതിൽ സന്തോഷമാണ്. ആന്റിയെ അങ്ങനെ വിളിച്ചാൽ മതി,’ ദിയ പറഞ്ഞു.

ENGLISH SUMMARY:

Social media influencer Diya Krishna recently addressed widespread discussions surrounding her vlogs and clarified that she will always call her mother-in-law "Auntie" rather than "Amma." Explaining that she reserves the title of mother exclusively for Sindhu Krishna, Diya noted that the moniker "Meenamma" used in past videos was solely for marketing and fun. She also opened up about setting strict personal boundaries in marriage and revealed that her hasty wedding was expedited due to pressure from Ashwin's conservative family. Furthermore, Diya shared that her husband casually addresses her mother as "Sindhu," a dynamic her mother genuinely enjoys.