സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരന്റെയും വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സിനിമാ, കായിക ലോകങ്ങളിൽ ചർച്ചയാകുന്നത്. നവംബറിൽ ഗ്രീസിൽവെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ഇവരുടെ വിവാഹക്ഷണക്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സാധാരണ വിവാഹക്കാർഡുകളിൽനിന്ന് വ്യത്യസ്തമായി, ആഭരണപ്പെട്ടി പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന ആഡംബര സമ്മാനപ്പെട്ടിയുടെ മാതൃകയിലാണ് ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ കലാശൈലിയായ ബറോക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പെട്ടിയുടെ പുറംഭാഗം ഒരുക്കിയിരിക്കുന്നത്. സങ്കീർണമായ കൊത്തുപണികൾ വിന്റേജ് ഭംഗി നൽകുമ്പോൾ, ഐവറി, പൗഡർ ബ്ലൂ നിറങ്ങൾ ഇതിന് ക്ലാസിക് ലുക്കും പകരുന്നു.

പ്രശസ്ത വെഡ്ഡിങ് കാർഡ് ഡിസൈനർ രഞ്ജനി അയ്യങ്കാറാണ് ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തത്. കൊത്തുപണികളുള്ള തടിപ്പെട്ടി നിർമിക്കാൻ ഏകദേശം നാലു മാസമെടുത്തതായാണ് റിപ്പോർട്ടുകൾ.

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കഥകളോ ചിത്രങ്ങളോ ഉൾപ്പെടുത്തുന്നതിനുപകരം, വിവാഹശേഷവും അതിഥികൾക്ക് ഓർമയ്ക്കായി സൂക്ഷിക്കാവുന്ന ഒന്നായിരിക്കണം ക്ഷണക്കത്ത് എന്ന അനിരുദ്ധിന്റെയും കാവ്യയുടെയും ആഗ്രഹമാണ് ഈ വേറിട്ട രൂപകൽപ്പനയ്ക്കു പിന്നിലെന്നാണ് വിവരം. വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, ആഡംബരവും കലാപരമായ മികവും ഒത്തുചേരുന്ന ക്ഷണക്കത്തും ശ്രദ്ധ നേടുകയാണ്.

ENGLISH SUMMARY:

Speculations surrounding the wedding of celebrated music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran have sparked immense interest across the entertainment and sports sectors. The couple is reportedly set to tie the knot in a grand ceremony in Greece this November. Adding to the excitement, pictures of their lavish, jewelry-box-inspired wedding invitation card have gone viral on social media platforms. Designed by renowned artist Ranjani Iyengar, the handcrafted wooden box featuring 17th-century European Baroque art took nearly four months to complete.