സമൂഹമാധ്യങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് രൂക്ഷ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ ഭാഗ്യമാണ് രശ്മിക മന്ദാനയെന്നും ഈ ലോകം മുഴുവൻ തങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെയെന്നും വിജയ് കുറിച്ചു. തങ്ങളെക്കുറിച്ചോർത്ത് ആരും വേവലാതിപ്പെടേണ്ടി ആവശ്യമില്ലെന്നും വിജയ് കുറിച്ചു.
‘എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, എന്റെ ഭാര്യ, എന്റെ പെണ്ണ്. എന്റെ ജീവിതത്തിൽ ഏറ്റവും ശരിയായി സംഭവിച്ച, ഏറ്റവും മനോഹരമായ ഭാഗ്യം. ഞങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരുടെ അറിവിലേക്ക്, ഞങ്ങൾ രണ്ടുപേരും അത്രമേൽ സന്തോഷത്തിലാണ്. ഞാൻ അനുഗ്രഹീതനാണ്. ഇനി ഈ ലോകം മുഴുവൻ ഞങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെ! സ്നേഹത്തെയും, സമാധാനത്തോടെയുള്ള ലളിതമായ ജീവിതത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. ഇനി ലവലേശം ബഹുമാനമോ ദയയോ ഇല്ലാതെ തന്നെ പറയട്ടെ, ബാക്കിയുള്ളവരൊക്കെ പോയി തുലഞ്ഞോളൂ.’- എന്നായിരുന്നു വിജയ്യുടെ പ്രതികരണം.
Also Read: 'എന്നോട് ഓടി രക്ഷപെടാൻ പറയുന്നവരോട്...'; വിമർശനങ്ങൾക്ക് മറുപടിയുമായി രശ്മിക മന്ദാന...
രശ്മികയെ സ്നേഹപൂർവം ചുമലിലേറ്റി നടക്കുന്ന വിഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചു. നേരത്തെ വിജയ് ദേവരകൊണ്ടയെ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ നടി രശ്മിക മന്ദാന ദീർഘമായ കുറിപ്പിലൂടെ മറുപടി നൽകിയിരുന്നു. കുടുംബത്തെ അപമാനിക്കുന്നത് ഫെമിനിസമല്ലെന്നും, അത് സ്ത്രീപക്ഷ ചിന്തയുടെ ലേബലൊട്ടിച്ച ആക്രമണമാണെന്നും താരം തുറന്നടിച്ചു.
കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരൺ' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിജയ്ക്കെതിരെ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞത്. ചാറ്റ് ഷോയിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘വിവാഹാഭ്യർഥന നടത്തുന്നത് എന്റെ സ്വഭാവമല്ല, അവളാണ് വിവാഹം കഴിക്കാം എന്ന് പറഞ്ഞത്. നൂറു തവണയെങ്കിലും അവൾ എന്നോട് ചോദിച്ചിട്ടുണ്ട്,’ എന്നായിരുന്നു വിജയ് മറുപടി പറഞ്ഞത്. വിജയ്യെ വിവാഹത്തിന് സമ്മതിപ്പിക്കാൻ തനിക്ക് ഒരു വർഷം വേണ്ടിവന്നു എന്ന് രശ്മികയും പ്രതികരിച്ചിരുന്നു. ഇതോടെ വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം 'റെഡ് ഫ്ലാഗ്' ആണെന്നും രശ്മികയ്ക്ക് ഒബ്സഷന്‍ (അമിത ഭ്രമം) ആണെന്നും ആരോപിച്ചാണ് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്.