ആർത്തവ ദിവസങ്ങളിൽ ഭർത്താവ് വിജയ് ദേവരകൊണ്ട തന്നെ എങ്ങനെയാണ് പരിചരിക്കുന്നതെന്ന് വെളിപ്പെടുത്തി രശ്മിക മന്ദാന. ആർത്തവ സമയത്ത് വിജയ് തന്റെ വയറ്റിൽ തടവി തരികയും കൈകാലുകൾ അമർത്തി തരികയും ചെയ്യാറുണ്ടെന്ന് താരം പറഞ്ഞു. ആർത്തവത്തെക്കുറിച്ച് വീട്ടിൽ സംസാരിച്ച് പരിചയമില്ലെങ്കിലും വേദനയുടെ കാര്യത്തിൽ വിജയ് വളരെ മനസ്സിലാക്കലോടെയാണ് പെരുമാറുന്നതെന്നായിരുന്നു രശ്മികയുടെ വാക്കുകള്‍.
യാതൊരു കാരണവുമില്ലാതെ തനിക്ക് വിഷമം തോന്നുമ്പോൾ വിജയിയോട് അത് പറയാറുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തനിക്ക് ആർത്തവം തുടങ്ങുമെന്നും രശ്മിക വ്യക്തമാക്കി. തനിക്ക് എന്തുകൊണ്ടാണ് ചില കാര്യങ്ങളിൽ അത്തരം തോന്നലുകൾ ഉണ്ടാകുന്നത് എന്ന് വിജയ്ക്ക് അറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു. "ഞാൻ അദ്ദേഹത്തിന് അതിനുള്ള സൂചന നേരത്തെ തന്നെ നൽകും. ഒരു പുരുഷനായതുകൊണ്ട് ഇതിൽക്കൂടുതൽ നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. അവർക്ക് ഗർഭപാത്രം പുറത്തെടുക്കാൻ പറ്റില്ലല്ലോ. എങ്കിലും അദ്ദേഹം കൂടെയുണ്ട് എന്ന് അറിയുന്നത് വലിയൊരു ആശ്വാസമാണ്" എന്നായിരുന്നു രശ്മികയുടെ വാക്കുകള്‍. "അവന് ചെയ്യാൻ കഴിയുന്നത് അത്രയേ ഉള്ളൂ എന്നതിനാൽ, അവൻ എന്റെ വയറ്റിൽ തടവി തരികയും കൈകാലുകൾ അമർത്തി തരികയും ചെയ്യും" – രശ്മിക കൂട്ടിച്ചേര്‍ത്തു. 'മിഡ്-ഡേ'യോടാണ് രശ്മിക മനസ്സ് തുറന്നത്.
ആർത്തവ വേദനയെ നേരിടാനുള്ള വഴികളെക്കുറിച്ച് ചോദിച്ചപ്പോൾ ചൂട് പാഡുകൾ ഉപയോഗിക്കാറുണ്ടെന്നും ജീരകവെള്ളം കുടിക്കാറുണ്ടെന്നും രശ്മിക പറഞ്ഞു. തനിക്ക് ആദ്യമായി ആർത്തവമുണ്ടായ സമയവും താരം ഓർത്തെടുത്തു. ആ സമയത്ത് ആരോടും സംസാരിക്കാൻ താൻ വല്ലാതെ ഭയപ്പെട്ടിരുന്നു എന്ന് രശ്മിക പറഞ്ഞു. സാനിറ്ററി പാഡുകൾ പോലെയുള്ള സാധനങ്ങൾ ഉണ്ടെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും അവർ പറഞ്ഞു.
തന്‍റെ ആർത്തവചക്രത്തിൽ കടുത്ത വേദന അനുഭവപ്പെടാറുണ്ടെന്നും ഈ മാസം ആർത്തവം വരാനിരിക്കുന്നതിനെക്കുറിച്ച് താൻ ഇപ്പോൾത്തന്നെ ആശങ്കയിലാണെന്നും രശ്മിക പരാമർശിച്ചു. ചലച്ചിത്ര സെറ്റുകളിൽ ആർത്തവ അവധിയെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ എത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി.