Image: instagram/ _diyakrishna_ & ahaana_krishna

ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് വിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബറെ പിന്തുണച്ച് കമന്‍റ് ചെയ്തതിന് പിന്നാലെ ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണയ്ക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ കനക്കുകയാണ്. എന്നാല്‍ ദിയക്ക് പിന്നാലെ തനിക്കും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയയുടെ സഹോദരിയും നടിയും ഇന്‍ഫ്ലുവന്‍സറുമായ അഹാന കൃഷ്ണ. വ്യക്തികളുടെ അഭിപ്രായങ്ങളോ പ്രവൃത്തികളോ മുൻനിർത്തി കുടുംബാംഗങ്ങളെ മുഴുവൻ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരാളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അവര്‍ മാത്രമാണ് ഉത്തരവാദിയെന്നും, അവരുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ അതിന് ഉത്തരം പറണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും അഹാന പറയുന്നു.

ഏറെക്കാലമായി തുറന്നുപറയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്. ഒരു കുടുംബത്തിൽ ഒന്നിച്ച് നിൽക്കുമ്പോഴും തങ്ങള്‍ വ്യത്യസ്ത വ്യക്തിത്വങ്ങളും കാഴ്ചപ്പാടുകളുമുള്ള സ്വതന്ത്ര വ്യക്തികളാണെന്ന് അഹാന കുറിച്ചു. ഒരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അഹാന പറയുന്നു. താനും കുടുംബാംഗങ്ങളും പൊതുരംഗത്തുള്ളവരായതിനാല്‍ തങ്ങളിൽ ഒരാൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ലെന്നും വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെന്നും അഹാന ചൂണ്ടിക്കാണിച്ചു. ഏതെങ്കിലും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ, യാതൊരു ബന്ധവുമില്ലാത്ത മറ്റ് കുടുംബാംഗങ്ങളെ കൂടി അതിലേക്ക് വലിച്ചിടുന്നത് എന്തിനാണെന്നും അഹാന ചോദിക്കുന്നു. 

യാതൊരു ബന്ധവുമില്ലാത്ത ചർച്ചകളിലേക്ക് തന്റെ വിവാഹജീവിതം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിടുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അഹാന പറയുന്നു. പുരോഗമനത്തെപറ്റി വാതോരാതെ സംസാരിക്കുന്നവർ ഇത്തരം വ്യക്തിപരവും അപ്രസക്തവുമായ കാര്യങ്ങൾ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. വിമർശനങ്ങളും വ്യക്തിപരമായ കാര്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അഹാന പറയുന്നു. തങ്ങളെ വേണമെങ്കിലും ആർക്കും എതിർത്തു സംസാരിക്കാമെന്നും എന്നാൽ ആ സംഭാഷണം ആ വ്യക്തിയെക്കുറിച്ചോ പ്രസ്തുത വിഷയത്തെക്കുറിച്ചോ മാത്രമായിരിക്കണമെന്നും അഹാന വ്യക്തമാക്കി. ഒരു കുടുംബം എന്നതുകൊണ്ട് മാത്രം മറ്റ് അംഗങ്ങളെക്കൂടി അതിലേക്ക് വലിച്ചിടേണ്ട ആവശ്യമില്ലെന്നും, ഏതവസ്ഥയിലും തങ്ങൾ പരസ്പരം പിന്തുണച്ച് കൂടെ നിൽക്കുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്. ALSO READ: 'ബന്ധങ്ങള്‍ തകര്‍ത്തു, ഇന്‍സ്റ്റഗ്രാമിന് വിട'; വിവാദത്തിന് പിന്നാലെ ദിയ കൃഷ്ണ ...

അഹാനയുടെ കുറിപ്പ്: ‘ഏറെക്കാലമായി ഞാൻ സംസാരിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യമാണിത്.... ഞാൻ പറഞ്ഞതോ ചെയ്തതോ ആയ എന്തെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, എന്നോട് നേരിട്ട് സംസാരിക്കുക. എന്റെ അച്ഛൻ പറഞ്ഞ വല്ലതുമാണെങ്കിൽ അദ്ദേഹത്തോട് ചോദിക്കുക. അമ്മയോ സഹോദരിമാരിൽ ആരെങ്കിലുമോ പറഞ്ഞ കാര്യമാണെങ്കിൽ അവരോട് സംസാരിക്കുക. 

ALSO READ: ‘ഫോര്‍ട്ട് കൊച്ചിയിലാകെ മുസ്​ലിംകള്‍‘! വര്‍ഗീയ വിദ്വേഷം; ഉത്തരേന്ത്യന്‍ യൂട്യൂബര്‍ക്കെതിരെ കേസ് ...

ആറംഗങ്ങളുള്ള ഒത്തൊരുമയുള്ള ഒരു കുടുംബമാണ് ഞങ്ങളെങ്കിലും, ഞങ്ങൾ ഓരോരുത്തരും അവരവരുടേതായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള ആറ് വ്യത്യസ്ത വ്യക്തികളാണ്. ഞങ്ങൾ ഒരു കുടുംബമാണെന്ന് കരുതി എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ല, അതുപോലെ ഒരാളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും മറ്റുള്ളവരും ഉത്തരവാദികളാണെന്നും അർഥമില്ല. വ്യക്തമായി പറഞ്ഞാൽ, ഞങ്ങള്‍ വെവ്വേറ വ്യക്തികളാണ്. പക്ഷേ അത് ഞങ്ങളുടെ ഒരുമയെ ഇല്ലാതാക്കുന്നുമില്ല. എതവസ്ഥയിലും ഞങ്ങൾ എപ്പോഴും പരസ്പരം പിന്തുണച്ച് കൂടെ നില്‍ക്കുക തന്നെ ചെയ്യും.

ഞങ്ങളെല്ലാവരും പൊതുരംഗത്ത് ഉള്ളവരാണ്, അതിനാൽ ഞങ്ങളിൽ ഒരാൾ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അത് സ്വാഭാവികമാണ്. പൊതുരംഗത്തുനിൽക്കുമ്പോൾ വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ ഒരാളുമായി ബന്ധപ്പെട്ട പ്രശ്നം വരുമ്പോൾ, എന്തിനാണ് കുടുംബത്തെ മുഴുവൻ അതിലേക്ക് വലിച്ചിഴയ്ക്കാനുള്ള അവസരമായി ആളുകൾ അതിനെ കാണുന്നത്? എങ്ങനെയാണ് ഒരാളുടെ അഭിപ്രായം പെട്ടെന്ന് ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള നിലപാടായി മാറുന്നത്?

ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചുപോകാറുണ്ട്, ഇത്തരം ചർച്ചകളിൽ കുടുംബാംഗങ്ങളുടെ പേരുകൾ വലിച്ചിഴയ്ക്കുന്നത് വെറും ശ്രദ്ധകിട്ടാന്‍ വേണ്ടി മാത്രമാണോ എന്ന്.

യാതൊരു ബന്ധവുമില്ലാത്ത ചർച്ചകളിലേക്ക് എന്റെ വിവാഹജീവിതം പോലും വലിച്ചിടുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത അദ്ഭുതം തോന്നാറുണ്ട്. പുരോഗമന ചിന്തയെപ്പറ്റി വാതോരാതെ സംസാരിക്കുന്നവർ, തീർത്തും വ്യക്തിപരവും തികച്ചും അപ്രസക്തവുമായ കാര്യങ്ങൾ ഈ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മാനസികാവസ്ഥയെയാണ് വ്യക്തമാക്കുന്നത്. വിമർശനവും എന്നാൽ ഒരാളുടെ ജീവിതത്തിലെ തികച്ചും ബന്ധമില്ലാത്ത കാര്യങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നതും വേറെ വേറെയാണ്.

ഒറ്റരാത്രികൊണ്ട് ഈ ശീലങ്ങൾ മാറില്ലെന്ന് എനിക്കറിയാം, എങ്കിലും ഇത് എപ്പോഴെങ്കിലും പറയണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്. ഒരാൾ അവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഉത്തരവാദിയാണെന്ന് പറയുന്നതും, അവരുമായി ബന്ധപ്പെട്ട എല്ലാവരെും അതിന് ഉത്തരം പറയണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഞങ്ങൾ ഒരു കുടുംബമായി ഒന്നിച്ച് നിൽക്കുന്നു, പക്ഷേ ഞങ്ങൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം വ്യക്തികൾ എന്ന നിലയിലാണ്.

നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ ഞങ്ങളിൽ ആരെയും വേണമെങ്കിലും വിമര്‍ശിച്ചോളൂ. പക്ഷേ അത് ആ വ്യക്തിയെക്കുറിച്ചോ അല്ലെങ്കിൽ പ്രസ്തുത വിഷയത്തെക്കുറിച്ചോ മാത്രമായിരിക്കണം. ഒരു കുടുംബമാണെന്നതു കൊണ്ട് മാത്രം എല്ലാവരെയും ഇതിലേക്ക് വലിച്ചിടേണ്ട ആവശ്യമില്ല.

എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ന്യായമായ ഒന്നാണിത്.’

ENGLISH SUMMARY:

Actress and influencer Ahaana Krishna has stepped forward to address the ongoing backlash and online trolling targeting her family following her sister Diya Krishna's controversial social media comment. In a detailed Instagram post, Ahaana emphasized that individual family members should not be held accountable or dragged into controversies stemming from another's personal views and actions. She expressed disappointment over critics bringing up irrelevant personal details, including her married life, under the guise of progressive debate. Reaffirming their strong family bond, Ahaana asserted that while healthy criticism regarding a specific issue is acceptable, targeting innocent relatives reflects a flawed mindset.