പുതിയ ജെയിംസ് ബോണ്ടിനായുള്ള കാത്തിരിപ്പ് ഈ മാസം അവസാനിക്കും. അവസാന റൗണ്ടിലെത്തിയ നാല് നടന്‍മാര്‍ പങ്കെടുക്കുന്ന ഓഡിഷന്‍ ഇന്ന് തുടങ്ങും. അടുത്ത ചിത്രം ഔദ്യോഗിക ജെയിംസ് ബോണ്ട് പരമ്പരയിലെ 26-ാമത്തെ സിനിമയായിരിക്കും. 

ജെയിംസ് ബോണ്ടിന്റെ പുതിയ മുഖമാകാന്‍ മല്‍സരിക്കുന്നത് ബ്രിട്ടീഷ് നടന്‍മാരായ ജാക്ക് ലോഡന്‍, കാലം ടേണര്‍, ജോഷ് ഓ'കോണര്‍ എന്നിവരെന്ന് സൂചന. അവസാനഘട്ട സ്ക്രീൻ ടെസ്റ്റുകൾ  ഇന്ന് മുതല്‍ ലണ്ടനില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ടി വിയുടെ സ്പൈ ത്രില്ലര്‍ സീരീസായ സ്ലോ ഹോഴ്സസിലെ റിവര്‍ കാര്‍ട്ട്റൈറ്റ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജാക്ക് ലോഡന്‍. സ്കോട്ടിഷ് താരമായ ലോഡന്‍ പുതിയ ഡബിള്‍ ഓ സെവന്‍ ആയാല്‍ സ്ലോഗ് ഹൗസില്‍ നിന്ന് സൂപ്പര്‍ സ്പൈ ആകുന്നു എന്ന കൗതുകവുമുണ്ടാകും.  ഫന്റാസ്റ്റിക് ബീസ്റ്റ്സ് സിനിമകളിൽ തീസിയസ് സ്കാമാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കാലം ടേണര്‍.  

ജോഷ് ഒ'കോണർ ശ്രദ്ധേയനായത്  നെറ്റ്ഫ്ലിക്സ് സീരീസായ ദ ക്രൗണിലെ ചാൾസ് രാജകുമാരനെ അവതരിപ്പിച്ച്.  നാലാമതൊരു നടന്‍ കൂടി ഓഡിഷനില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അഭ്യൂഹം.  ബോണ്ട് സിനിമകളിലെ സ്ക്രീൻ ടെസ്റ്റുകൾ വിപുലമായ ഒരുക്കങ്ങളോടെയാണ് നടത്താറുള്ളത്.  യഥാർഥ സിനിമാ ചിത്രീകരണത്തോട് സാമ്യമുള്ള സാഹചര്യങ്ങളിൽ താരത്തിന്റെ പ്രകടനം പരിശോധിക്കും.  സ്ക്രീൻ ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ പേരുകൾ ആമസോൺ MGM സ്റ്റുഡിയോസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ENGLISH SUMMARY:

James Bond 26 auditions begin this month in London with four top actors competing for the iconic 007 role. The final screen tests will determine who becomes the new face of the legendary spy franchise.