ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വധശ്രമം. മുംബൈയിലെ ജുഹുവിലുണ്ടായ വെടിവയ്പിൽ നിന്ന് താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ആക്രമണത്തിൽ നടൻ പൂർണ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് യാതൊരുവിധ പരുക്കുകളുമില്ലെന്നും മുംബൈ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുഷ്പ പാർക്കിന് സമീപമാണ് സംഭവം നടന്നത്. കളികഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന നടനെ ലക്ഷ്യമിട്ട്, ബൈക്കിലെത്തിയ മൂന്ന് അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ടൈഗർ ഷ്രോഫിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോര്ട്ട് പുറത്തുവന്നത്. ആറ് തവണയാണ് വെടിവച്ചത്. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിൽ ടൈഗർ ഷ്രോഫിന് വെടിയേറ്റതായും പരുക്കുകളുണ്ടായതായും ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ആദ്യഘട്ടത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ മുംബൈ പൊലീസ് പൂർണമായും തള്ളി. നടന് യാതൊരുവിധ പരിക്കുകളുമില്ലെന്ന് ഡിസിപി മോഹിത് ഗാർഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവം നടന്ന ഉടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി മുംബൈ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ബോളിവുഡ് താരത്തിന് നേരെയുണ്ടായ ഈ ആക്രമണം സിനിമാ മേഖലയിലും മുംബൈ നഗരത്തിലും വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.