ekta-kapur

TOPICS COVERED

  • ചലച്ചിത്രമേഖലയിൽ തന്റെ വിശ്വാസങ്ങൾ തുറന്നുപ്രകടിപ്പിച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നിർമാതാവ് ഏക്ത കപൂർ

ചലച്ചിത്രമേഖലയിൽ തന്റെ വിശ്വാസങ്ങൾ തുറന്നുപ്രകടിപ്പിച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നിർമാതാവ് ഏക്ത കപൂർ. നെറ്റിയിൽ തിലകം ചാർത്തുന്നതും കൈയിൽ ചരട് കെട്ടുന്നതും ബോളിവുഡിൽ പലപ്പോഴും വലിയൊരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നുണ്ടെന്നും ഏക്ത കപൂർ പറഞ്ഞു. 

തന്റെ വേഷവിധാനത്തെയും വിശ്വാസങ്ങളെയും ചിലർ ചോദ്യം ചെയ്തിട്ടുണ്ടെന്നും തന്നെ ഫ്രീക്ക് എന്നും തന്ത്രിക് എന്നുമൊക്കെ വിശേഷിപ്പിച്ച് പരിഹസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. നെറ്റിയിൽ തിലകം ചാർത്തുന്നതും കൈയിൽ ചരട് കെട്ടുന്നതുമാണോ ഒരു ഫ്രീക്കിനെ പോലെ ആണെന്ന് പറയാനുള്ള കാരണമെന്നും ഏക്ത ചോദിച്ചു. സ്വന്തം മതം പരസ്യമായി പിന്തുടരുന്നത് ഇവിടെ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും ഏക്ത പറഞ്ഞു.

ഹിന്ദു ഐതിഹ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കഥകളോട് സിനിമാ ലോകം പലപ്പോഴും വിമുഖത കാണിക്കാറുണ്ടെന്നും അവർ ആരോപിച്ചു. എന്നാല്‍ മറ്റ് തരത്തിലുള്ള ഫാന്റസി ആശയങ്ങളെ സമൂഹം എളുപ്പത്തിൽ സ്വീകരിക്കുന്നുണ്ടെന്നും ഏക്ത കൂട്ടിച്ചേർത്തു.

അതേസമയം 'ദി വ്വാൻ: ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്' എന്ന സിനിമയാണ് ഏക്ത നിര്‍മിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം. സിദ്ധാർത്ഥ് മൽഹോത്ര, തമന്ന ഭാട്ടിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപക് കുമാർ മിശ്ര സംവിധാനം ചെയ്ത ചിത്രം ബീഹാറിലെ നാടോടിക്കഥകളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 

ENGLISH SUMMARY:

Producer Ekta Kapoor recently revealed she faced severe criticism and mockery in Bollywood for openly displaying her Hindu beliefs, such as wearing a tilak and sacred threads. She also highlighted how the film industry often shows reluctance toward stories based on Hindu mythology compared to other fantasy concepts.