അഞ്ച് വർഷം! ഒരു നടനെ സംബന്ധിച്ച് അതൊരു ചെറിയ കാലയളവല്ല. പ്രത്യേകിച്ചും, തുടർച്ചയായ പരാജയങ്ങൾ അയാളുടെ താരമൂല്യത്തെപ്പോലും ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ. ഒരുകാലത്ത് മലയാളി യുവത്വത്തിന്റെ പ്രണയവും സൗഹൃദവും ആഘോഷങ്ങളും ഏറ്റവും സ്വാഭാവികമായി സ്ക്രീനിലെത്തിച്ച നടൻ. പിന്നീട്, പ്രതീക്ഷകൾക്കൊത്ത് ഉയരാനാകാതെ പോയ സിനിമകളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെട്ട അതേ നടൻ. അയാളെ ഇനി പ്രേക്ഷകര്‍ വിശ്വസിക്കുമോ? പക്ഷേ, നിവിൻ പോളിയുടെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

പ്രേക്ഷകർ അയാളെ കൈവിട്ടിരുന്നില്ല. നിവിൻ പോളിയുടെ ഒരു നല്ല സിനിമയ്ക്കായി അവർ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാവണം സ്ട്രോങ് ഏരിയയില്‍ ആ കള്ളച്ചിരിയുമായി 'പ്രഭേന്ദു' വന്നപ്പോള്‍ ഒറ്റയടിക്ക് 'സര്‍വ്വംമായ' 150 കോടി നേടിയത്. പതനത്തില്‍ നിന്നും കരകയറിയത് 'ബേത്ല​ഹേം കുടുംബ യൂണിറ്റ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റിലേക്ക്. കഴിഞ്ഞ പിറന്നാൾ ദിവസം പരാജയങ്ങളുടെ പടു കുഴിയിൽ വീണു കിടന്ന നിവിന്‍ ഈ പിറന്നാൾ ദിനം വിജയങ്ങളുടെ കൊടുമുടി കയറി നില്‍ക്കുന്നു. 

എന്തുകൊണ്ടാണ് മലയാളിക്ക് നിവിൻ പോളിയോട് ഇത്രയും ഇഷ്ടം? എന്തുകൊണ്ടാണ് അയാളുടെ തിരിച്ചുവരവ് നമുക്ക് ഇത്രയും സന്തോഷം നൽകുന്നത്? ഉത്തരം  ലളിതമാണ്. നിവിൻ പോളിയിൽ നമ്മൾ കാണുന്നത് ഒരു സൂപ്പർതാരത്തെ മാത്രമല്ല, നമ്മെത്തന്നെയാണ്. നിവിൻ ചിരിക്കുമ്പോൾ, നാണിക്കുമ്പോൾ, ദേഷ്യപ്പെടുമ്പോൾ, സങ്കടപ്പെടുമ്പോൾ, അതിലൊക്കെയും നമുക്ക് പരിചിതമായ എന്തോ ഒന്നുണ്ട്. അതുകൊണ്ടുതന്നെ നിവിന്റെ കഥാപാത്രങ്ങൾ സിനിമ കഴിഞ്ഞാലും നമ്മളെ വിട്ടുപോകുന്നില്ല.

ഹോണ്ട യൂണികോണിൽ പള്ളിമുറ്റത്തേക്ക് വന്നിറങ്ങുന്ന 'ജസ്റ്റിൻ' ഒരു സിനിമാക്കഥാപാത്രം മാത്രമായി തോന്നുന്നുണ്ടോ? നമ്മുടെ നാട്ടിൽ എവിടെയെങ്കിലും കണ്ടുമുട്ടിയിട്ടുള്ള ഒരാളുടെ മുഖമല്ലേ അയാൾക്ക്? ആ വരവിൽ ഒരു പരിചിതത്വമുണ്ട്. സംസാരത്തിൽ ഒരു നാട്ടിൻപുറത്തിന്റെ സ്വാഭാവികതയുണ്ട്. ചിരിയിൽ നമുക്കറിയാവുന്ന ഒരു കുസൃതിയുണ്ട്. 'പ്രേമ'ത്തിലെ 'കോയ' പറയുന്നത് ഓര്‍മ വരുന്നു, 'കള്ളച്ചിരി ചിരിക്കുന്നുണ്ട്'. 

ജസ്റ്റിൻ മാത്രമല്ല. കടയിൽ പറ്റ് പറഞ്ഞ്, കൈലിമുണ്ടുടുത്ത് സൈക്കിളിൽ പോകുന്ന രമേശനാകാനും… കുസൃതിയും എടുത്തുചാട്ടവുമുള്ള ഉമേഷാകാനും… പക്വതയും ഉത്തരവാദിത്തവുമുള്ള ഗിരിയാകാനും… പ്രണയത്തിൽ വീണുപോകുന്ന വിനോദാകാനും… നിവിന് അനായാസം കഴിയുന്നു. ഓരോ കഥാപാത്രത്തിനും അതിന്റേതായ ശരീരഭാഷയുണ്ട്. സംസാരരീതിയുണ്ട്. നോട്ടമുണ്ട്. ചിരിയുണ്ട്. തന്‍റെ സ്ട്രോങ് ഹോള്‍ഡില്‍ മറ്റാരും വെല്ലുവിളിക്കാനില്ലാത്ത നിവിന്‍. 

'ബികെയു'വില്‍ പ്രേമം തുറന്നുപറഞ്ഞ ആദ്യനിമിഷങ്ങളിലെ ജസ്റ്റിന്‍റെ മുഖത്തെ സന്തോഷവും അത് മറച്ചുവക്കാനുള്ള വെപ്രാളവും പിടിക്കപ്പെടുമ്പോഴുണ്ടാകുന്ന നാണവും ഒടുവില്‍ ആ ചിരിയും. വാക്കുകൾക്കപ്പുറം കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഇത്തരം നിമിഷങ്ങളിലാണ് നിവിനിലെ പ്രതിഭ കരുത്തുറ്റതാവുന്നത്. നിവിന്‍റെ അഭിനയത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പലപ്പോഴും ഇത്തരം ചില ചെറിയ ഭാവങ്ങളിലാണ്. അതുകൊണ്ടുതന്നെ, നിവിൻ വീണ്ടും ചിരിക്കുമ്പോൾ മലയാളിയും ഒപ്പം ചിരിക്കുന്നു. 

ഒരു നടനിലുള്ള വിശ്വാസം തിരിച്ചുപിടിക്കാൻ മികച്ച കഥാപാത്രങ്ങളും സിനിമയും നിർണായകമാണ്. 'ബേത്ലഹേം കുടുംബ യൂണിറ്റ്' നിവിന് അത്തരമൊരു അവസരം നൽകിയെങ്കിൽ, ആ അവസരത്തെ പ്രേക്ഷകർ ആഘോഷമാക്കി മാറ്റി. തങ്ങൾ ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ വീണ്ടും തിളങ്ങുന്നത് കാണുന്ന സന്തോഷം. നിവിനോടുള്ള സ്നേഹത്തിൽ ഒരു ഗൃഹാതുരത്വമുണ്ട്. പഴയകാലത്തിന്റെ ഓർമകളുണ്ട്. അതിനൊപ്പം, അയാൾക്ക് ഇനിയും ഒരുപാട് ചെയ്യാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ഈ വര്‍ഷം മലയാളി ഒന്നടങ്കം ഏറെ സ്നേഹത്തോടെ പറയുന്നു, ഹാപ്പി ബെര്‍ത്ത്​ഡേ നിവിന്‍ പോളി. 

ENGLISH SUMMARY:

Actor Nivin Pauly has made a remarkable comeback to the pinnacle of Malayalam cinema after overcoming a challenging phase of continuous box-office setbacks. His recent blockbuster film 'Bethlehem Kudumba Unit' (BKU) crossed the 150-crore mark, reestablishing his supreme star value and audience appeal. Fans and critics alike celebrate his trademark natural charm, relatable performances, and iconic characters that deeply resonate with everyday Malayalis. As he celebrates his birthday, the overwhelming public support proves that his unique magic and endearing screen presence remain unmatched.