മലയാള സിനിമ ചരിത്രത്തിലെ സകലമാന ബോക്സ് ഓഫിസ് റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്(ബികെയു). ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാനവേഷത്തിൽ എത്തിയത്. 330 കോടിക്ക് മുകളിലാണ് ചിത്രം തിയറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. തിയറ്ററിലെ കുതിപ്പിനിടെ ഈ മാസം രണ്ടിനാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്കെത്തിയത്.
എന്നാൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിൽ എത്തിയതിന് പിന്നാലെ ഓരോ രംഗങ്ങളും കീറിമുറിച്ച് പരിശോധിക്കുകയാണ് സോഷ്യൽ മീഡിയയിലെ ചില സിനിമ ഗ്രൂപ്പുകൾ. തിയറ്ററിൽ പലർക്കും വർക്കായ, ചിരി പടർത്തിയ പല രംഗങ്ങളിലും അത്രമാത്രം ചിരിക്കുള്ള വകുപ്പില്ലെന്നാണ് ഒരു പക്ഷം. എന്നാൽ തിയറ്ററിൽ ഒന്നിൽത്തവണ കണ്ട പലരും തങ്ങൾക്കിത് ഒടിടിയിലും വർക്കായി എന്നുപറഞ്ഞും രംഗത്തെത്തുന്നുണ്ട്. ആഷ്‌ലിയുടെയും ജസ്റ്റിന്റെയും ബന്ധത്തെ വിമർശിക്കുന്നവരും അനുകൂലിക്കുന്നവരും കമന്റ് ബോക്സിൽ പോരടിക്കുന്നുണ്ട്.
തിയറ്ററിൽ ഹിറ്റ് ആയ സിനിമ ഒടിടിയിൽ എത്തുമ്പോൾ ഇത്തരത്തിൽ കീറിമുറിക്കപ്പെടുന്നത് സ്വാഭാവികമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഭൂരിപക്ഷത്തിന് ഇഷ്ടപ്പെട്ടു എന്നതുകൊണ്ടുമാത്രം ഒരു ചിത്രത്തെ ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത വിമർശങ്ങൾ കൊണ്ട് മോശമായി ചിത്രീകരിക്കാൻ ശ്രമിക്കേണ്ട എന്നുപറയുന്നവരും സോഷ്യൽ മീഡിയയിൽ ഉണ്ട്.