കഴിഞ്ഞ ജനുവരിയിൽ നടൻ സെയ്ഫ് അലി ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ ബംഗ്ലാദേശ് പൗരൻ തന്‍റെ കുറ്റം ഏറ്റുപറയാന്‍ ആഗ്രഹിച്ചുകൊണ്ട് വ്യാഴാഴ്ച വീണ്ടും കോടതിയിൽ അപേക്ഷ നൽകി. നേരത്തെ നൽകിയ സമാനമായ അപേക്ഷ കോടതി തള്ളിക്കള്ളഞ്ഞ് ഒരു മാസത്തിന് ശേഷമാണ് പുതിയ നീക്കം.
സെപ്റ്റംബർ 11-നാണ് മുംബൈ കോടതി പ്രതിയുടെ അപേക്ഷ തള്ളുകയും വിചാരണ നേരിടാൻ ഉത്തരവിടുകയും ചെയ്തതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2025 ജനുവരി 16-ന് നടന്റെ വസതിയിലുണ്ടായ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും സമ്മതിക്കാൻ തയ്യാറാണെന്ന് വ്യാഴാഴ്ചയും ഇസ്ലാം കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി ജി.പി. ദേശ്മുഖ്, ബംഗ്ലാദേശ് എംബസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാനും എംബസിയുമായി സംസാരിക്കാൻ പ്രതിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ജയിൽ അധികാരികൾക്ക് നിർദ്ദേശം നൽകി.
മാരകായുധം ഉപയോഗിച്ചുള്ള കവർച്ച, ഗുരുതരമായി പരിക്കേൽപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) പ്രസക്തമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാന്ദ്രയിലെ ആഡംബര അപ്പാർട്ട്മെന്‍റിന്‍റെ 12-ാം നിലയിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമി സെയ്ഫ് ഖാനെ തുടർച്ചയായി കത്തിയുകൊണ്ട് കുത്തുകയായിരുന്നു. 54 കാരനായ നടൻ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും അഞ്ച് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.