ഈയടുത്താണ് വായുമലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി മുംബൈ കോർപ്പറേഷൻ (BMC) തയ്യാറാക്കിയ ഔദ്യോഗിക ദീപാവലി ക്യാംപയിൻ വിഡിയോയിൽ നിന്നും ബോളിവുഡ് നടി ദിയ മിർസയുടെ ഭാഗം മാത്രം നീക്കം ചെയ്ത നടപടിയുണ്ടായത്. ബിജെപി നേതാക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കോർപ്പറേഷൻ വീഡിയോ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ മുംബൈ കോര്‍പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി.
പടക്കങ്ങൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമായി ദീപാവലി ആഘോഷിക്കാൻ നടി വിഡിയോയിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ പാരമ്പര്യങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്നും അതിനാൽ ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് ദിയ മിർസയെപ്പോലുള്ളവരിൽ നിന്ന് തങ്ങൾക്ക് പഠിക്കേണ്ടതില്ലെന്നും പറഞ്ഞ് മുംബൈ ബിജെപി അധ്യക്ഷൻ അമീത് സതം രംഗത്തുവന്നു. നടിയുടെ ആഹ്വാനത്തെ 'ഹൈന്ദവവിരുദ്ധം' എന്ന് വിശേഷിപ്പിച്ച് മറ്റ് ബിജെപി നേതാക്കളും രംഗത്തുവന്നു. മറ്റ് മതവിഭാഗങ്ങളുടെ ഉത്സവങ്ങളിലെ മലിനീകരണത്തെക്കുറിച്ച് നടി സംസാരിക്കാറില്ലെന്നും ഹൈന്ദവ ഉത്സവങ്ങളെ മാത്രം ബോധപൂർവ്വം ലക്ഷ്യം വെക്കുകയാണെന്നും അവര്‍ ആരോപിച്ചു. ബിജെപി നേതാക്കളുടെ വിയോജിപ്പിന് പിന്നാലെ കോർപ്പറേഷൻ ഈ വിഡിയോ പിൻവലിക്കുകയായിരുന്നു.
നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ബിഎംസിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അവരെ വിലക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരെയാണ് ബോംബെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട ബോംബെ ഹൈക്കോടതി, രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയ കോർപ്പറേഷൻ നടപടിയെയും നേതാക്കളുടെ നിലപാടുകളെയും ശക്തമായി അപലപിച്ചു. ഇത്തരം നടപടികളിൽ രാഷ്ട്രീയക്കാരുടെ ഇടുങ്ങിയ ചിന്താഗതിയാണ് പ്രകടമാകുന്നതെന്ന് കോടതി വിമർശിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും, പൊതുജനാരോഗ്യത്തിനും നഗരത്തിന്റെ നന്മയ്ക്കുമായി മുന്നോട്ടുവരുന്ന പ്രമുഖരെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു.
മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ക്യാംപയിനിൽ നിന്ന് ദിയ മിർസയുടെ വിഡിയോ മാത്രം ഒഴിവാക്കിയത് വിവേചനപരമാണെന്ന് നിരീക്ഷിച്ച കോടതി, നടിയുടെ വീഡിയോ അടിയന്തരമായി ബിഎംസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വീണ്ടും അപ്‌ലോഡ് ചെയ്യാൻ കോർപ്പറേഷന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. പൊതുനന്മ ലക്ഷ്യം വെച്ചുള്ള സന്ദേശത്തിന് താൻ പ്രതിഫലം പോലും വാങ്ങിയിരുന്നില്ലെന്ന് ദിയ മിർസ വ്യക്തമാക്കിയിരുന്നു. കോടതിയുടെ ശക്തമായ ഇടപെടലോടെ ബിഎംസി ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്.