മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ 'ഒപ്പം' 2016 ല്‍ മലയാളം ബോക്സോഫീസിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. 10 വര്‍ഷത്തിനു ശേഷം ഹിറ്റ് കൂട്ടുകെട്ടിനൊപ്പം ബിഗ് ബജറ്റ് ചിത്രമായി ഹിന്ദിയിലേക്ക് പ്രിയദര്‍ശന്‍ തന്നെ ഒപ്പത്തിന് റീമേക്കും ഒരുക്കി 'ഹൈവാന്‍' എന്ന പേരില്‍. എന്നാല്‍, ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് ബോക്സോഫീസില്‍ നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയാണ് ബി ടൗണിലെ പുതിയ സംസാര വിഷയം.
അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തിയ ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. സെപ്റ്റംബർ 11 ന് തിയേറ്ററുകളിലെത്തിയ ഹൈവാന്‍ ആദ്യദിനം മുതൽ തന്നെ തണുപ്പൻ പ്രതികരണമാണ് നേടിയത്. റിലീസ് ദിനത്തില്‍ മൂന്നു കോടി രൂപ കളക്ട് ചെയ്ത ചിത്രം, നാലാം ദിവസം വെറും 70 ലക്ഷത്തിലേക്ക് കൂപ്പുകുത്തി. വേൾഡ് വൈഡ് ഗ്രോസ് 13 കോടിമാത്രമാണ് ചിത്രം ഇതുവരെ നേടിയത്.
ഹൈവാനില്‍ അന്ധനായ നായക കഥാപാത്രമായി സെയ്ഫ് അലി ഖാനും വില്ലനായി സൂപ്പർതാരം അക്ഷയ് കുമാറുമാണ് എത്തിയത്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് 130 കോടി ബജറ്റിലൊരുക്കിയ ചിത്രമാണ് ആദ്യവാരം തന്നെ തകര്‍ന്നടിയുന്നത്. അക്ഷയ് കുമാറിന്‍റെ വില്ലന്‍ കഥാപാത്രമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബൊമാൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗാവ്കർ തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങള്‍.
ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ട് പ്രിയദര്‍ശനും അക്ഷയ് കുമാറും ഭൂത് ബംഗ്ലാവിന്‍റെ വിജയത്തിനു ശേഷം ഒന്നിച്ച ചിത്രമായിരുന്നു ഹൈവാന്‍. എന്നാല്‍, വമ്പന്‍ താരനിരയും ബജറ്റിന്‍റെ പെരുമയും ടെക്നിക്കല്‍ മികവും ബോക്സോഫീസില്‍ ചിത്രത്തിനെ തുണച്ചില്ല. മലയാളം പതിപ്പില്‍ പ്രേക്ഷകര്‍ക്ക് കഥയോടും കഥാപാത്രങ്ങളോടുമുണ്ടായ ഇമോഷണല്‍ കണക്ഷന്‍ ഹിന്ദി റീമേക്കില്‍ നഷ്ടപ്പെട്ടെന്നാണ് പ്രധാന വിലയിരുത്തല്‍.