കാൻസർ രോഗത്തോട് പൊരുതി വിടപറഞ്ഞ ലേഖ അംബുജാക്ഷന് ആദരാഞ്ജലി അർപ്പിച്ച് നടി സീമ ജി.നായർ. രോഗബാധിതയായിരുന്നപ്പോഴും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലേഖയുടെ വിയോഗം കടുത്ത നോവായി മാറുകയാണെന്ന് സീമ ജി നായര്‍ പറയുന്നു. ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവര്‍ ലേഖ അംബുജാക്ഷനെ സ്മരിക്കുന്നത്.
ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട വ്യക്തിയായിരുന്നു ലേഖയെന്ന് സീമ പറയുന്നു. ക്യാൻസർ എന്ന മഹാമാരിയോട് പോരാടുമ്പോഴും മറ്റുള്ളവർക്ക് പ്രകാശവും പ്രത്യാശയും പകർന്നുനൽകാൻ ലേഖയ്ക്ക് സാധിച്ചിരുന്നു. ഭർത്താവിനൊപ്പം ഉറച്ചുനിന്ന് പ്രതിസന്ധികളെ അതിജീവിച്ച ലേഖയുടെ ജീവിതയാത്ര പലർക്കും വലിയൊരു പ്രചോദനമായിരുന്നുവെന്നും സീമ കൂട്ടിച്ചേർക്കുന്നു.
'ലേഖ അമ്പുജാക്ഷൻ വിടവാങ്ങി.. കഴിഞ്ഞ കുറെ നാളുകളായി ഞാൻ ലേഖയുടെയും ഭർത്താവിന്‍റെയും റീലുകളും പോസ്റ്റുകളും കാണുന്നുണ്ടായിരുന്നു, കുറച്ച് നാളുകൾക്ക് മുന്നേ അമ്പുജാക്ഷനെ ഞാൻ വിളിച്ചിരുന്നു. ജീവിതത്തിൽ നല്ലൊരു പാർട്ണർ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ അതിന് ഭാഗ്യം കിട്ടു. ഇവർ രണ്ടുപേരും എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് പലപ്പോളും ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇവരുടെ സ്നേഹം ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും. ഫൈറ്റ് ചെയ്യാവുന്നതിലും അപ്പുറം ലേഖയും കുടുംബവും ഫൈറ്റ് ചെയ്തു. ഇവിടുന്ന് പോകാൻ ഒട്ടും ഇഷ്ടമില്ലാതെയായിരിക്കും ലേഖ ഭർത്താവിനെയും മക്കളെയും വിട്ടുപോയിരിക്കുന്നത്. അവരുടെ കാര്യം ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ. എത്ര കാലം കഴിയും അമ്പുവിനും മക്കൾക്കും ഇതിൽ നിന്ന് കരകയറാൻ എന്നറിയില്ല. അതിനുള്ള ശക്തി ഈശ്വരന്മാർ കൊടുക്കട്ടെ.. ലേഖക്ക് നിത്യശാന്തി നേരുക എന്നല്ലാതെ എന്ത് പറയാൻ പറ്റും,'- സീമ ജി നായര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന കണ്ടന്‍റ് ക്രിയേറ്ററായിരുന്നു ലേഖ അംബുജാക്ഷൻ. കാൻസർ അതിജീവന യാത്രയും പ്രിയപ്പെട്ടവരുമൊത്തുള്ള നിമിഷങ്ങളും നിരന്തരം പങ്കുവച്ചിരുന്നു. 2019ൽ പുറത്തിറങ്ങിയ മുട്ടായിക്കള്ളനും മമ്മാലിയും എന്ന ചിത്രത്തിന്‍റെ നിർമാണം, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അതിലെ ഗാനങ്ങൾക്ക് സംഗീതവും രചനയും നൽകുകയും ചെയ്തിട്ടുണ്ട്. ലേഖയുടെ ഭർത്താവ് അംബുജാക്ഷനാണ് മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.