parvathy-thiruvoth

മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പാര്‍വതി തിരുവോത്ത്. അഭിനയം കൊണ്ട് മാത്രമല്ല, തന്‍റെ നിലപാടുകള്‍ കൊണ്ടുകൂടിയാണ് പാര്‍വതി ശ്രദ്ധ നേടിയത്. താരത്തിന്‍റെ കരിയറിലെ ഒരു നിര്‍ണായക ഏടാണ് 'കസബ' വിവാദം. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെ കടുത്ത സൈബര്‍ അധിക്ഷേപമാണ് നടി നേരിട്ടത്. ആ സമയത്ത് താന്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളെ പറ്റി തുറന്നുപറയുകയാണ് പാര്‍വതി. കൂടുതൽ സമയവും ട്രോളുകളും അധിക്ഷേപങ്ങളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, ചിലപ്പോഴൊക്കെ അത് വളരെ ബുദ്ധിമുട്ടേറിയതായി മാറാറുണ്ടെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

'കാര്യങ്ങൾ വധഭീഷണികളിലേക്കും ബലാത്സംഗ ഭീഷണികളിലേക്കും, അല്ലെങ്കിൽ പൂർണ്ണമായും കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന തരത്തിലുള്ള വേട്ടയാടലുകളിലേക്കും മാറുമ്പോൾ, ഒരു തരം ഭയത്തോടെയാണ് ജീവിച്ചത്,' പാര്‍വതി പറഞ്ഞു. 

താൻ 20 വർഷം മുമ്പ് ഈ സിനിമാ മേഖലയിലേക്ക് വരുമ്പോൾ, പാട്ടും നൃത്തവുമുള്ള സിനിമകളും ഐറ്റം സോങ്ങുകളും ചെയ്ത് പണമുണ്ടാക്കാൻ തന്നോട് ആളുകൾ പറഞ്ഞിരുന്നു. കാരണം അക്കാലത്ത് ഒരു നായികയുടെ സിനിമാ ജീവിതത്തിന്റെ കാലാവധി വളരെ കുറവായിരുന്നുവെന്നും പാര്‍വതി. 

'ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു. ഞാൻ ചിന്തിച്ചു, 'ഓ, അങ്ങനെയാണോ? എന്നാൽ എനിക്ക് ഇത് ചെയ്യാൻ താല്പര്യമില്ല'. അങ്ങനെ ഞാൻ എന്റേതായ ഒരു പാത വെട്ടിത്തുറന്നു. ഇതിലെ രസകരമായ ഭാഗം എന്തെന്നാൽ, ഇപ്പോൾ കാലം മാറിയിരിക്കുന്നു എന്നതാണ്. ഒരു കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്ന എല്ലാവരും ഇപ്പോൾ ശക്തമായി തിരിച്ചുവന്നിരിക്കുന്നു. ഇപ്പോൾ നമുക്ക് 'ലസ്റ്റ് സ്റ്റോറീസ്' എന്ന ചിത്രത്തിൽ കൊങ്കണ സെൻശർമ്മയെയും രാധിക ആപ്തെയെയും കാണാം,'  പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Actress Parvathy Thiruvothu opened up about the severe cyberbullying, including death and rape threats, she faced following her criticism of the film 'Kasaba'. In a recent interview with PTI, she revealed that living through that period was filled with intense fear and mental distress. Parvathy also recalled how people advised her 20 years ago to stick to songs and dances, assuming a lead actress's career span was inherently short. Defying those norms, she carved her own path and noted with optimism that the industry has evolved, allowing talented women to make strong comebacks.