32 വർഷങ്ങൾക്കിപ്പുറം മാണിക്യനും കാർത്തുമ്പിയും ഒരിക്കൽകൂടി ബിഗ് സ്ക്രീനിലേക്ക്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്‍റെ  വിഷ്വൽ ട്രീറ്റായ തേൻമാവിൻ കൊമ്പത്ത് ദൃശ്യ-ശ്രാവ്യ മികവോടെ വ്യാഴാഴ്ച തിയറ്ററുകളിൽ എത്തുകയാണ്. തമിഴ്നാട്ടിലെയും കർണാടകയിലെയും അതിർത്തി ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയദർശൻ ഒരുക്കിയ ഹിറ്റ് ചിത്രം രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു.

മൂന്ന് പതിറ്റാണ്ടിനിപ്പുറം 4K ദൃശ്യപ്പകിട്ടിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും ആ മായാലോകം  പുനർജനിക്കുന്നു. കേവലം ഒരു പ്രണയകഥയ്ക്കപ്പുറം കെ.വി.ആനന്ദിന്‍റെ ഫ്രെയിമുകളും ബേണി ഇഗ്നേഷ്യസിന്‍റെ സംഗീതവും എസ്.പി. വെങ്കിടേഷിന്‍റെ പശ്ചാത്തല സംഗീതവും ഒരുക്കിയ വശ്യതയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 

സ്ഫടികവും  ദേവദൂതനുമൊക്കെ സൃഷ്ടിച്ച റീറിലീസ് തരംഗം തേൻമാവിൻ കൊമ്പത്തും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.നെടുമുടി വേണു, കെപിഎസി ലളിത, സുകുമാരി, ശങ്കരാടി, കവിയൂർ പൊന്നമ്മ,ശ്രീനിവാസൻ,കുതിരവട്ടം പപ്പു തുടങ്ങി നമ്മോടൊപ്പമില്ലാത്ത മലയാളത്തിന്‍റെ മികച്ച കലാകാരന്മാർ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിലെത്തുന്ന  വൈകാരികതയിലേക്ക് കൂടിയാണ് പ്രേക്ഷകർ ടിക്കറ്റ് എടുക്കുക.

Thenmaavin Kombath re-release is bringing the classic Malayalam film back to the big screen in 4K and Dolby Atmos after 32 years. :