ആഘോഷമായിട്ടായിരുന്നു അഹാന കൃഷ്ണ– നിമിഷ് രവി വിവാഹം കഴിഞ്ഞത്. മാസങ്ങള്‍ നീണ്ട പ്ലാനിങിനൊടുവില്‍ ഗംഭീര പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് നടന്നത്. കോവളത്തെ താജ് റിസോർട്ടിൽ സെപ്റ്റംബർ 13-ന് നടന്ന സ്വകാര്യ വിവാഹ ചടങ്ങിന് പുറമേ ആഘോഷത്തോടെ നടത്തിയ സംഗീത് പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'അമ്മു-നിമ്മു' കാർണിവൽ എന്ന പ്രീ-വെഡ്ഡിങ് ആഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ബേബി ബ്ലൂ തീമിൽ അണിഞ്ഞൊരുങ്ങി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ഈ ആഘോഷ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയത്.
ഈ പരിപാടിയെ പറ്റി വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പൊക്കം കുറഞ്ഞ ഡ്വാര്‍ഫിസമുള്ള മനുഷ്യരെ കൗതുകമുള്ള സൗന്ദര്യവസ്തുക്കളാക്കിയെന്നും കോമാളികളാക്കിയെന്നുമാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. അവരെ വിനോദത്തിനായി അലങ്കാര വസ്തുക്കളാക്കിയെന്നും വിമര്‍ശനം ഉന്നയിച്ചവര്‍ പറയുന്നു.
ഇത്തരത്തില്‍ തന്‍റെ പോസ്റ്റിന് വന്ന ഒരു കമന്‍റിന് അഹാന തന്നെ മറുപടി നല്‍കിയിരുന്നു. ഏജന്‍സി വഴിയാണ് കലാകാരന്മാരെ ബുക്ക് ചെയ്തതെന്നും ശരീര പ്രകൃതി നോക്കി ആരേയും ആവശ്യപ്പെട്ടിട്ടില്ലെന്നും അഹാന മറുപടി നല്‍കി. 'ഒരു ഏജൻസി വഴിയാണ് ഞങ്ങൾ ജഗ്ഗ്ലർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രൊഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം, അല്ലെങ്കിൽ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങൾ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങൾക്ക് ഒരു ഘടകമേ ആയിരുന്നില്ല. പ്രൊഫഷണൽ കലാകാരന്മാരെയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, ഏജൻസി അവരുടെ പക്കലുള്ള ടീമിനെ അയച്ചു. അവിടെ എത്തിയതിൽ അവർ സന്തോഷവാന്മാരായിരുന്നു, ഞങ്ങൾക്കെല്ലാവർക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു, അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല. കാര്യം മനസ്സിലാക്കാതെ വിധി എഴുതുമ്പോൾ, ഒബ്ജെക്ടിഫിക്കേഷന്‍ നടത്തുന്നത് ഞങ്ങളല്ല എന്നാണ് ഞാൻ കരുതുന്നത്,' അഹാന കുറിച്ചു.
വിമര്‍ശനങ്ങള്‍ക്കിടെ അഹാനയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി. ഒരു തരത്തില്‍ ആ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമല്ലേ ലഭിക്കുന്നതെന്നും മറ്റ് ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തല്‍ അനുഭവിക്കുന്നവരുടെ ഉപജീവന മാര്‍ഗം കൂടി പരിഗണിക്കേണ്ടതല്ലേയെന്നും ഇവര്‍ ചോദിക്കുന്നു. ചെയ്യുന്ന ജോലിയില്‍ വിവേചനം അനുഭവിക്കാത്തിടത്തോളം അവരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അഹാനയെ പിന്തുണച്ച് ഇവര്‍ വാദിക്കുന്നു. ചെറിയ മനുഷ്യരുടെ തൊഴിലവസരങ്ങള്‍ മുടക്കുന്നതിന് പകരം തൊഴിലിടങ്ങളില്‍ അവര്‍ വിവേചനം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താമെന്നും അഭിപ്രായങ്ങളുയര്‍ന്നു.