അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹത്തിന് മുന്നോടിയായി നടന്ന വർണ്ണാഭമായ 'സംഗീത് നൈറ്റി'ന്റെ വിഡിയോ തരംഗമാകുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ നൃത്തപരിപാടികളുടെ ദൃശ്യങ്ങളാണ് അഹാന തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. റെട്രോ ബോളിവുഡ് പ്രമേയമാക്കിയൊരുക്കിയ വേദിയിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അഹാനയും കുടുംബവും എത്തിയത്.

വർഷങ്ങളായുള്ള ആഗ്രഹവും മാസങ്ങളുടെ പരിശീലനവുമാണ് മനോഹരമായ ഈ നിമിഷങ്ങൾക്ക് പിന്നിലെന്ന് വിഡിയോ പങ്കുവെച്ച് അഹാന കുറിച്ചു. നിമിഷ് രവിക്കായി ബോളിവുഡ് ഗാനങ്ങൾക്കാണ് അഹാന ചുവടുവെച്ചത്. ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവരടങ്ങുന്ന കൃഷ്ണ സഹോദരിമാർ ബോളിവുഡ് ഹിറ്റ് ഗാനമായ 'ദേസി ഗേളി'നും തുടർന്ന് 'ഹിറ്റ്ലർ' സിനിമയിലെ 'കിതച്ചെത്തും കാറ്റിന്' എന്ന ഗാനത്തിനും ഒന്നിച്ച് നൃത്തം ചെയ്തു. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം 'ഓലാത്തുമ്പത്തിരുന്ന്' എന്ന താരാട്ടുപാട്ടിന് അഹാന നൃത്തം ചെയ്തത് ഏറെ ഹൃദ്യമായി. മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും അജിത്-ശാലിനി ചിത്രത്തിലെ 'ഉന്നോട് വാഴാത്ത' എന്ന ഗാനത്തിന് ഒപ്പം ചുവടുവെച്ചതും വിഡിയോയുടെ പ്രധാന ആകർഷണമായി.

കോവളത്തെ താജ് റിസോർട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം. നടൻ ദുൽഖർ സൽമാൻ, കാന്താര താരം ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, സംവിധായകൻ ഡൊമിനിക് അരുൺ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചുവപ്പും സ്വർണ്ണക്കസവും ഇടകലർന്ന പരമ്പരാഗത സാരിയിൽ അഹാനയും ഐവറി സ്യൂട്ടിൽ നിമിഷ് രവിയുമാണ് വിവാഹച്ചടങ്ങുകളിൽ തിളങ്ങിയത്.

ENGLISH SUMMARY:

Actress Ahaana Krishna and cinematographer Nimish Ravi tied the knot in a serene ceremony held at the Taj Resort in Kovalam. Ahead of the wedding, the couple hosted a vibrant Bollywood-themed Sangeet night attended by close family and friends. Ahaana shared videos of the festivities on social media, featuring special dance performances by her sisters Diya, Ishani, and Hansika, as well as her parents Krishna Kumar and Sindhu Krishna. Prominent film personalities including Dulquer Salmaan, Rishab Shetty, Mamitha Baiju, Chandhu Salimkumar, and Jakes Bejoy attended the celebrations.