khushboo-patani-pistol
  • സ്ത്രീകൾ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വന്തം സുരക്ഷയ്ക്കായി ആരെയും ആശ്രയിക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് ബോളിവുഡ് നടി ദിഷ പടാനിയുടെ സഹോദരിയും മുൻ സൈനിക ഉദ്യോഗസ്ഥയുമായ ഖുശ്ബു പടാനി രംഗത്ത്

ബീഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ഒരുകൂട്ടം സാമൂഹിക വിരുദ്ധര്‍ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും അതിലെ പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തിയ വാര്‍ത്തയും ദിവസങ്ങളായി ചര്‍ച്ചയിലാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്, സ്ത്രീകൾ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വന്തം സുരക്ഷയ്ക്കായി ആരെയും ആശ്രയിക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് ബോളിവുഡ് നടി ദിഷ പടാനിയുടെ സഹോദരിയും മുൻ സൈനിക ഉദ്യോഗസ്ഥയുമായ ഖുശ്ബു പടാനി രംഗത്ത്. സ്ത്രീകൾ എയർ പിസ്റ്റൾ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 

അടിയന്തര സാഹചര്യങ്ങളെ ധീരമായി നേരിടാൻ ഓരോ പെണ്‍കുട്ടിയും സജ്ജമായിരിക്കണം. അതിനുവേണ്ടി അടിസ്ഥാന ആയുധ പരിശീലനങ്ങളെക്കുറിച്ചും പിസ്റ്റൾ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചുമാണ് ഖുശ്ബു പടാനി വീഡിയോയിൽ വ്യക്തമാക്കുന്നത്. പ്രതിരോധത്തിന്റെ പ്രാധാന്യവും, സ്ത്രീകൾക്ക് തങ്ങളുടെ സുരക്ഷയ്ക്കായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുതെന്ന സന്ദേശമാണ് ഈ മുൻ സൈനിക നൽകുന്നത്. 

ഇന്ത്യൻ ആർമിയിൽ മുൻ ഓഫീസറായിരുന്ന ഖുശ്ബു പടാനി സൈന്യത്തിലുണ്ടായിരുന്ന സമയത്തെ തന്റെ അനുഭവസമ്പത്തിന്റെ പിൻബലത്തിലാണ് വീഡിയോയിലൂടെ അവബോധം നല്‍കുന്നത്. സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാൻ ഇത്തരം പരിശീലനങ്ങൾ ആവശ്യമാണെന്ന് അവർ പറയുന്നു. പിസ്റ്റള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള കൃത്യതയും ജാഗ്രതയും മുന്‍കരുതലുമെല്ലാം ഖുശ്ബു പടാനി സ്ത്രീകൾക്ക് പകർന്നു നൽകുന്നുണ്ട്. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയ രീതിയില്‍ സ്വീകാര്യത നേടി. സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും ആത്മവിശ്വാസം പകരുന്ന ഇത്തരം മാതൃകാപരമായ ഇടപെടലുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് പ്രതികരണം ഏറെയും. എന്നാല്‍, പിസ്റ്റള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നുള്ള വിമര്‍ശനങ്ങളും ഒപ്പം ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Following the recent outrage over the attempted assault of a class 10 student in Jamui, Bihar, former Indian Army officer and Bollywood actress Disha Patani’s sister, Khushboo Patani, has urged women to become self-reliant for their personal safety. Drawing from her military background, she shared an instructional video on social media demonstrating how to handle and shoot a CO2-powered air pistol. Emphasizing that women should not have to depend on anyone else for protection against rising crimes, she broke down basic handling techniques and safety precautions. While her message empowering women received widespread praise and traction on Instagram, it also sparked a concurrent debate regarding the potential risks and misuse of firearms.