കുട്ടികളെ കൈകാര്യം ചെയ്യാന്‍ തനിക്ക് അസാമാന്യ കഴിവാണെന്ന് ആളുകള്‍ പറയാറുണ്ടെന്നും അതിന് കാരണം താനൊരു 'കുട്ടിയെ' കല്യാണം കഴിച്ചതിനാലാണെന്നും തമാശയായി പറഞ്ഞ് സൂപ്പര്‍ താരം ഫഹദ് ഫാസില്‍. പുതിയ ചിത്രം 'ഡോണ്ട് ട്രബിള്‍ ദ് ട്രബിളി'ന്‍റെ പ്രമോഷനിടെയായിരുന്നു താരത്തിന്‍റെ ഈ വാക്കുകള്‍. സഹതാരം സാറ പലേക്കറുമൊത്തുള്ള രസകരമായ സംഭവങ്ങളും ഫഹദ് വെളിപ്പെടുത്തി. സാറയുടെ തയാറെടുപ്പുകളും ക്ഷമയും ഒന്നിച്ചുള്ള പ്രകടനം മെച്ചപ്പെടുത്തിയെന്നും ഫഹദ് പറഞ്ഞു.
'ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചത്.. അതുകൊണ്ട്, കുട്ടികളെ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവ് ഗംഭീരമാണെന്ന് പറയുന്നവരോട് വീട്ടിലൊരാള്‍ ഉണ്ട്. അതാണ് കാര്യം എന്ന് ഞാന്‍ പറയുമായിരുന്നു. പക്ഷേ ഇതാ എന്നെ കൈകാര്യം ചെയ്യുന്നൊരാളെ ഞാന്‍ കണ്ടുമുട്ടി' എന്നായിരുന്നു സാറയെ പ്രശംസിച്ച് ഫഹദിന്‍റെ വാക്കുകള്‍.
സാറയാണ് തന്‍റെ പ്രിയപ്പെട്ട നടിയെന്ന് കൂടി പറയാനും ഫഹദ് മടിച്ചില്ല. പലപ്പോഴും ഡയലോഗുകള്‍ വിട്ടുപോകുമ്പോള്‍ സാറ തന്നെ തിരുത്തുമായിരുന്നുവെന്നും താരം ഓര്‍ത്തെടുത്തു. 'സര്‍ ഇത് ഇങ്ങനെയാണ്, എന്ന് സാറ പറയും. എന്‍റെ ഡയലോഗുകള്‍ കൂടി അവള്‍ പഠിച്ചെടുത്തു. ഇത്ര ക്ഷമയുള്ള മറ്റൊരു താരത്തെയും ഞാന്‍ കണ്ടിട്ടില്ല. ഇതുവരെ ഒപ്പം അഭിനയിച്ചവരില്‍ സാറയാണ് എന്‍റെ പ്രിയപ്പെട്ട നടി'- ഫഹദ് കൂട്ടിച്ചേര്‍ത്തു.
ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍ എല്ലാവരും തിയറ്ററുകളിലെത്തി കാണണമെന്നും സിനിമ നിങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നും താരം പറഞ്ഞു. 'ഈ സിനിമ വളരെ വളരെ സ്പെഷലാണ്, മനോഹരവും'– ഫഹദ് കൂട്ടിച്ചേര്‍ത്തു. ഫഹദും സാറ പലേക്കറും സൗരഭ് സച്ച്ദേവയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ഒക്ടോബര്‍ രണ്ടിന് റിലീസാകും.
2014 ഓഗസ്റ്റ് 21നാണ് ഫഹദും നസ്രിയയും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലുമെത്തുകയായിരുന്നു. വിവാഹസമയത്ത് നസ്രിയയുടെ പ്രായത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.