• സ്ലൈഡിങ് വീഡിയോകളിലൂടെ തുടങ്ങി 8,000 രൂപ ആദ്യ സമ്പാദ്യമായി ലഭിച്ചെന്നും ഫിറോസ് ചുട്ടിപ്പാറ.

ഫുഡ് വ്ലോഗുകളില്‍ വ്യത്യസ്ത കൊണ്ടുവന്നു മലയാളി പ്രക്ഷേകര്‍ക്കിടയില്‍ ഹിറ്റായ യൂട്യുബറാണ് ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ അവതരണശൈലിയും പാചകരീതിയുമാണ് ഫിറോസിന്റെ പ്രത്യേകത. ഈയിടെ യൂട്യുബിനൊപ്പം ചെറിയ സംരംഭങ്ങളിലേക്കും ഫിറോസ് കടന്നിരുന്നു. യൂട്യുബില്‍ നിന്ന് ലഭിച്ച വരുമാനത്തെ പറ്റിയും ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലുകളെയും പറ്റി സംസാരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. 

യൂട്യുബില്‍ നിന്നും വലിയ അളവില്‍ വരുമാനം ലഭിച്ചതോടെ താന്‍ ബാങ്കില്‍ ചെന്ന് ആദായ നികുതി അടയ്ക്കാനുള്ള സഹായം തേടുകയായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. കയ്യില്‍ നില്‍ക്കാത്ത പൈസ വരാന്‍ തുടങ്ങിയപ്പോള്‍ ബാങ്കില്‍ പോയി മാനേജറോട് ആദായ നികുതി അടയ്ക്കണം എന്ന് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ബാങ്കാണ് ഓഡിറ്ററെ റെഡിയാക്കി തന്നത്. അദ്ദേഹത്തെ കണ്ടതു മുതല്‍ നികുതി അടച്ചു തുടങ്ങിയെന്നും ഫിറോസ് പറഞ്ഞു. തന്‍റെ ഭാഗം ക്ലിയര്‍ ചെയ്യാനാണ് ബാങ്കിലേക്ക് പോയതെന്നും ഇങ്ങോട്ട് അന്വേഷിച്ച് വരാന്‍ പാടില്ലെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു. യൂട്യുബറായ സുജിത് ഭക്തന്‍റെ പോഡ്കാസ്റ്റിലാണ് ഫിറോസിന്റെ വാക്കുകള്‍. 

രണ്ടു തവണ ആദായ നികുതി അടച്ചതിനു ശേഷമാണ് എല്ലാ യൂട്യുബേഴ്സിനും ആദായ നികുതി റെയ്ഡ് വരുന്നത്. അന്ന് ഞാന്‍ ഡല്‍ഹിയിലായിരുന്നു. നിന്‍റെ വീട്ടില്‍ റെയ്ഡില്ലേ എന്ന് സുഹൃത്തുക്കള്‍ വിളിച്ചു ചോദിച്ചെന്നും ഫിറോസ് പറഞ്ഞു. 'ഇന്‍കം ടാക്സില്‍ നിന്നും പേപ്പര്‍ വന്നു. വിളിപ്പിച്ചിട്ട് എന്താണ് വരുമാനം എന്താണ് പരിപാടി എന്നീ കാര്യങ്ങള്‍ ചോദിച്ചു. ഓഡിറ്ററെയും ഒപ്പമുണ്ടായികുന്നു. യൂട്യബില്‍ നിന്നും ഫെയ്സ്ബുക്കില്‍ നിന്നുമുള്ള വരുമാനമാണെന്ന് ബോധിപ്പിച്ചു. വരുമാനം കൂടിയപ്പോള്‍ സ്വയം ആദായ നികുതി അടയ്ക്കാന്‍ തയ്യാറായ കാര്യവും പറഞ്ഞു. അരമണിക്കൂര്‍ ചോദ്യം ചെയ്തു. സത്യസന്ധത മനസിലായപ്പോള്‍ വിട്ടയച്ചു' എന്നും ഫിറോസ് പറഞ്ഞു. 

യൂട്യുബില്‍ നിന്നുമുള്ള ആദ്യ വരുമാനം 8000 രൂപയോളമായിരുന്നു എന്നും ഫിറോസ് പറഞ്ഞു. വോയിസ് ഓവര്‍ ചെയ്ത് സ്ലൈഡിങ് വിഡിയോയിലൂടെയായിരുന്നു തുടക്കം. ഒന്നു രണ്ടു വിഡിയോയ്ക്ക് വ്യൂസ് കുറവായിരുന്നു. പിന്നെ തുടര്‍ച്ചയായ വിഡിയോ ചെയ്തു. ആദ്യ മാസം 8000 രൂപ വന്നു. രണ്ടാമത്തെ മാസം 40,000 രൂപ ലഭിച്ചു. പിന്നെ 50,000 രൂപയോളം വന്നു എന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.