ambika-radha
  • മക്കള്‍ സമ്പാദിക്കുന്ന ലക്ഷങ്ങള്‍ കോടികളാക്കി മാറ്റിയ അംബിക–രാധ സഹോദരിമാരുടെ അമ്മ സരസമ്മ

ചെക്കുതട്ടിപ്പുകേസിലൂടെയും പിന്നാലെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ന് താരസഹോദരിമാരായ അംബികയും രാധയും. രാധ നല്‍കിയ ചെക്കുതട്ടിപ്പുകേസും പിന്നാലെ അംബിക നടത്തിയ പത്രസമ്മേളനങ്ങളിലും കോടികള്‍ വിലമതിക്കുന്ന കുടുംബത്തിന്റെ ആസ്തിയാണ് പുറത്തുവരുന്നത്. വീട്ടില്‍ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടിരൂപ തട്ടാന്‍ ശ്രമിച്ചെന്നാണ് അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ രാധ നല്‍കിയ പരാതി.

ചെന്നൈയില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പിയായിരുന്നു ഈ വിഷയത്തില്‍ അംബികയുടെ പ്രതികരണമുണ്ടായത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും ഇതിൻ്റെ ഒത്തുതീർപ്പിനാണ് രാധ 50 കോടിയുടെ ചെക്കുകൾ നൽകിയതെന്നും അംബിക പറഞ്ഞു. 97 കോടി രൂപ രാധ തനിയ്ക്ക് നൽകാനുണ്ടെന്നും ഇതിന്‍റെ ഭാഗമായി രാധ നല്‍കിയ ചെക്കുകൾ മാറാൻ ബാങ്കിൽ പോയപ്പോള്‍ ചെക്കുകൾ മടങ്ങിയെന്നും അംബിക പറഞ്ഞു. തുടര്‍ന്ന് രാധയ്ക്കെതിരെ അംബികയും നിയമപോരാട്ടം ആരംഭിച്ചു.

അതേസമയം ഈ വിഷയത്തില്‍ താരസഹോദരിമാര്‍ നടത്തുന്ന ഈ പരസ്യപോര് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഇവരുടെ അമ്മ സരസമ്മയെ അപമാനിക്കുന്നതിനു തുല്യമാണെന്നും നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് പറയുന്നു. ഒരു സമയത്ത് സ്നേഹത്തോടെ കഴി‍ഞ്ഞ ഇരുവരും ഇന്ന് പൊലീസും കോടതിയുമായി മുന്നോട്ടുപോകുന്നത് സരസമ്മയുടെ ത്യാഗപൂർണമായ ഓർമകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

അംബികയുടെയും രാധയുടെയും സിനിമാ വളർച്ചയ്ക്ക് പിന്നിലെ കഥകളും, നിലവിലെ ആരോപണ പ്രത്യാരോപണങ്ങളിലെ വസ്തുതകളും തനിക്ക് നേരിട്ടറിയാമെന്നും ആലപ്പി അഷ്റഫ് പറയുന്നു. ‘ഇന്നീ പെൺമക്കൾ തമ്മിൽ ശതകോടികൾക്ക് വേണ്ടി കടിപിടികൂടുമ്പോൾ ഇവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, ഇവരുടെ അമ്മയായ കല്ലറ സരസമ്മയെ.

radha-family

1977-ൽ, ഏതാണ്ട് 49 വർഷങ്ങൾക്ക് മുൻപ്, ഞാൻ രാമു കാര്യാട്ട് സാറിന്‍റെ 'ദ്വീപ്' എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. മിനിക്കോയ് ദ്വീപിലെ ആദ്യ ഷെഡ്യൂളിനു ശേഷം തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോയിലായിരുന്നു രണ്ടാമത്തെ ഷെഡ്യൂൾ . ഒരു ദിവസം ഒരു ചെറുപ്പക്കാരി ഒരു കുട്ടിയുമായി മെറിലാൻഡ് സ്റ്റുഡിയോയുടെ ഗേറ്റിന് വെളിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. സെക്യൂരിറ്റി അവരെ അകത്തേക്ക് വിടാതെ തടഞ്ഞു നിർത്തിയിരിക്കുകയായിരുന്നു. ഞാൻ അവരുടെ അടുക്കലേക്ക് ചെന്നപ്പോൾ അവർ എന്നോട് പറഞ്ഞു: ‘മോനെ, എനിക്ക് രാമു കാര്യാട്ട് സാറിനെ ഒന്ന് കാണണം.’ എന്ന് പറഞ്ഞുകൊണ്ട് ഒരു ന്യൂസ് പേപ്പർ കഷ്ണം എന്റെ നേരെ നീട്ടി.

അത് ആ കുട്ടി ബാലജനസഖ്യത്തിന്റെ മത്സരത്തിൽ പങ്കെടുത്ത പ്രൈസ് കിട്ടിയതിന്റെ ഫോട്ടോയും വാർത്തയുമായിരുന്നു. ഞാൻ അപ്പോൾ തന്നെ അവരെ കാര്യാട്ട് സാറിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. സാർ ആ കുട്ടിക്ക് ആ സിനിമയിൽ ഒരു ചെറിയ വേഷവും നൽകി. ആ അമ്മയും മകളുമാണ് കല്ലറ സരസമ്മയും അംബികയും. അന്ന് ആ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞുനിർത്തിയ അമ്മയും മകളും പിൽക്കാലത്ത് ആയിരക്കണക്കിന് കോടികളുടെ അധിപതിയാകുമെന്നും മകൾ താരറാണിയായി മാറുമെന്നും ചിന്തിച്ചിരുന്നില്ല. അവിടം മുതൽ ആ അമ്മ മകളെയും കൂട്ടി യാത്ര ആരംഭിച്ചതാണ്.

മലയാള സിനിമയിലെ അക്കാലത്തെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി അവർ അഭിനയിച്ചു. അംബിക ശരിക്കും കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങൾ സഹിച്ചുമാണ് ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറിയതെങ്കിൽ, അനുജത്തി രാധ ചേച്ചിയിലൂടെ ലഭിച്ച സൗഭാഗ്യങ്ങളുടെയും സുഖലോലുപതയുടെയും നടുവിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.

അംബികയുടെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും തണൽ പറ്റിക്കൊണ്ടാണ് ഉദയചന്ദ്രിക എന്ന അനുജത്തി ഉദയം കൊള്ളുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു. മക്കളുടെ ഈ ഉയർച്ചയിൽ സരസമ്മ എന്ന ആ അമ്മ ഒരിക്കലും അമിതമായി ആഹ്ലാദിക്കുകയോ അമിതമായി അഹങ്കരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സമ്പാദ്യത്തിന്‍റെ കാര്യത്തില്‍ അവര്‍ കര്‍ക്കശക്കാരിയായിരുന്നു.

എത്ര ഭൂമി വാങ്ങിക്കൂട്ടിയാലും അവർക്ക് തൃപ്തിയാകില്ല. തന്‍റെ കുട്ടികൾ അഭിനയിച്ചു കിട്ടുന്ന പ്രതിഫലം പാഴാക്കിക്കളയാതെ അപ്പോഴപ്പോൾ അതിന് ഭൂമി വാങ്ങുമായിരുന്നു. സരസമ്മച്ചേച്ചിയുടെ ഇളയ മകൻ സുരേഷ് എന്‍റെ ഒരു പടത്തിൽ നായകനായി അഭിനയിച്ചിരുന്നു. ആ സമയത്ത് സുരേഷ് എന്നോട് അമ്മയുടെ ഭൂമി വാങ്ങിക്കൂട്ടൽ ക്രേസിനെ കുറിച്ച് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് അവിടെയും സരസമ്മ ഭൂമി വാങ്ങി. ആ സ്ഥലത്തിനു ഇനി വികസനമേറുമെന്നും ഇപ്പോൾ തീരെ വിലകുറവാണെങ്കിലും ഇനി വലിയ രീതിയിൽ വില കൂടാൻ സാധ്യതയുണ്ടെന്നും സരസമ്മ പറഞ്ഞതായി സുരേഷ് പറയുന്നു’ അങ്ങനെ പറഞ്ഞത് മാത്രമായിരുന്നില്ല അവിടെ ചെന്ന് ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തു.

അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലും ഒക്കെയായി പലയിടങ്ങളിലും അവർ വസ്തുക്കൾ വാങ്ങിക്കൂട്ടി. എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോയ്ക്ക് വേണ്ടി മദ്രാസിലെ പോരൂരിൽ വാങ്ങിയത് 40 ഏക്കർ ഭൂമിയാണ്. ഈ വസ്തുക്കളെല്ലാം കൂടിക്കിടന്ന് ഇന്നത് ആയിരക്കണക്കിന് കോടികളുടെ ആസ്തിയായി മാറിയിരിക്കുകയാണ്. ഇവിടെയാണ് ആ അമ്മയുടെ ദീർഘവീക്ഷണം നാം മനസ്സിലാക്കേണ്ടത്. തന്‍റെ മക്കൾക്ക് അഭിനയത്തിലൂടെ പ്രതിഫലമായി ലഭിച്ച പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ അത് പത്തോ പതിനഞ്ചോ കോടിയിൽ ഒതുങ്ങുമായിരുന്നു. ഒരു പൈസ പോലും ധൂർത്തടിക്കാതെയാണ് അവർ ഇത്രയും കോടികൾ സമ്പാദിച്ചു കൂട്ടിയതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Ambika and Radha Property Dispute: Alleppey Ashraf Recalls Mother Kallara Sarasamma's Legacy:

Former South Indian actress sisters Ambika and Radha are currently embroiled in a high-profile legal dispute involving bounce checks and allegations of a ₹46 crore fraud. Director Alleppey Ashraf recently commented on the ongoing public feud, reflecting on how their late mother, Kallara Sarasamma, painstakingly built their current multi-crore empire from humble beginnings through calculated real estate investments. Sarasamma strategically acquired large tracts of land—including acres in Sriperumbudur following Rajiv Gandhi's assassination and 40 acres in Porur—envisioning their future financial security. Ashraf lamented that the sisters' legal battle for inheritance disrespects the immense sacrifices and farsighted vision of their mother.