AI image

മലയാളി സോഷ്യൽ മീഡിയ ലോകത്ത് ഇപ്പോൾ  കൊടുങ്കാറ്റായി വീശിയടിക്കുകയാണ് രണ്ട് പേരുകള്‍. ഇൻസ്റ്റഗ്രാം ഫീഡുകളിലും ട്രോൾ പേജുകളിലും ഇപ്പോള്‍ ഈ  രണ്ട്  പേരുകൾ മാത്രമേ  കേൾക്കാനുള്ളൂ— 'കോപ്പർ V'യും 'അംബാഡി'യും. 

സ്വന്തമായി ഒരു മെറ്റൽ യൂണിവേഴ്‌സ് തന്നെ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് നമ്മുടെ ചെമ്പൻ വിനോദ് ജോസ്. സംഭവം ലളിതമാണ്. ചെമ്പിന്‍റെ ഇംഗ്ലീഷ് വാക്ക് 'കോപ്പർ'. വിനോദിന്റെ ആദ്യ അക്ഷരം 'V'. അങ്ങനെ മലയാളികൾ ചേർത്ത് വിളിച്ചു 'കോപ്പർ V'. ഇനി മുതൽ തിയറ്ററുകളും സോഷ്യൽ മീഡിയയും ഭരിക്കാൻ ഈ കോപ്പർ വി മതിയെന്നാണ് ട്രോളന്മാരുടെ പക്ഷം. മാസ് എഡിറ്റ് വീഡിയോകളിൽ സ്ലോമോഷനിൽ നടന്നു വരുന്ന കോപ്പർ Vയെ കണ്ടാൽ പാവം ഹോളിവുഡ് നായകന്മാർ പോലും വഴിമാറി കൊടുക്കുമെന്നാണ് ട്രോളന്‍മാരുടെ പക്ഷം.

എന്നാൽ കോപ്പർ Vയുടെ ഈ മാസ് എൻട്രിക്ക് മുൻപുതന്നെ ജെൻ സിയുടെ ഇടയിൽ എത്തിയ മറ്റൊരു റോക്ക്സ്റ്റാർ ഉണ്ട്. സാക്ഷാൽ 'അംബാഡി'. അംബിക ബാഡിയുടെ ചുരുക്കെഴുത്താണിത്. മലയാള സിനിമയിൽ വർഷങ്ങളായി സങ്കടപ്പെടുന്ന, കണ്ണീരൊഴുക്കുന്ന സ്നേഹമയിയായ അമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പരിചിതയായ നടിയാണ് അംബിക മോഹൻ. സോഷ്യൽ മീഡിയ സംസ്കാരത്തിൽ, തന്റേടമുള്ള, ആത്മവിശ്വാസമുള്ള, സ്റ്റൈലിഷ് ആയ ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'Baddie(ബാഡി)'. അംബികയിലെ ബാഡി ഉണർന്നപ്പോൾ ജെൻ സികൾ സ്നേഹത്തോടെ വിളിച്ചപേരാണ് 'അംബാഡി'. 

അംബാഡി കുറച്ചുകാലമായി ഇൻസ്റ്റാഗ്രാമിൽ സ്റ്റാറാണ്. എമിനെമിന്‍റെ  റാപ് സോങ്ങുകളോട് കക്ഷിക്ക് കുറച്ച് പ്രിയം കൂടുതൽ. കേരള സാരി ഉടുത്ത് തിലകക്കുറിയണിഞ്ഞ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ പുള്ളിക്കാരി ഉപയോഗിക്കുന്നത് ഇംഗ്ലീഷ് റാപ് സോങ്ങുകളാണ്. 

അതിനിടയിലേക്കാണ് കിടിലൻ ആറ്റിറ്റ്യൂഡും അതികിടിലൻ കോസ്റ്റ്യൂംസുമായി ചെമ്പൻ വിനോദും എത്തുന്നത്. ചെമ്പന്‍റെ  മാസിനും ക്ലാസിനും ഒട്ടും കുറവില്ലാത്ത ഫോട്ടോയും റീൽസും ആരാധകർ ഏറ്റെടുത്തു. ഈ ഓറക്ക് ചേര്‍ന്നത് ചെമ്പനല്ല.. കോപ്പർ V ആണെന്ന് ഫാൻസ്‌ തീരുമാനിച്ചു. 

പരമ്പരാഗതമായ സങ്കൽപ്പങ്ങളെ മാറ്റിനിർത്തി മലയാളീ സോഷ്യൽ മീഡിയ ജനറേഷൻ ഈ താരങ്ങൾക്ക് നൽകിയ രസകരവും ട്രെൻഡിയുമായ രണ്ട് ടാഗുകളാണ് കോപ്പർ Vയും അംബാഡിയും. എന്തായാലും കോപ്പർ V-യുടെ മാസ് ലുക്കും അംബാഡിയുടെ സ്വാഗും കൂടിച്ചേർന്നതോടെ മലയാള സോഷ്യൽ മീഡിയ ഇപ്പോൾ ശരിക്കും വൈബ് ആയിരിക്കുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News features the trending social media personas, Copper V and Ambadi, who are taking Kerala's online world by storm. These new monikers, given by fans to Chemban Vinod Jose and Ambika Mohan respectively, reflect their evolving digital presence and appeal to younger audiences.