Image: X, from the video

Image: X, from the video

  • നന്ദമുരി ബാലകൃഷ്ണയുടെ തീപാറുന്ന രംഗം, ട്രംപിനെ ട്രോളുന്ന ഇറാന്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് മറുപടി പറയാന്‍ ഇറാന്‍ ഉപയോഗിച്ചത് തെലുഗു സിനിമയിലെ ആക്ഷന്‍ രംഗം. ഇറാനെ പൂര്‍ണമായി നശിപ്പിക്കും എന്ന ട്രംപിന്റെ ഭീഷണിക്കുള്ള മറുപടിയായി സിംബാബ്‌വേയിലെ എംബസിയാണ് ഇന്ത്യന്‍ ചിത്രം ഉപയോഗിച്ച് പോസ്റ്റിട്ടത്. ട്രംപും അമേരിക്കയും ഇപ്പോള്‍ കാണുന്നത് ഹോളിവുഡല്ല, ബോളിവുഡാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന വിവരമെന്ന് കൂടി കുറിച്ചാണ് എംബസിയുടെ എക്സ് പ്ലാറ്റ്ഫോമിലെ പരിഹാസ പോസ്റ്റ്. 

തെലുഗു മെഗാസ്റ്റാർ നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ‘ഭഗവന്ത് കേസരി’ എന്ന സിനിമയിലെ 58 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു ആക്ഷൻ രംഗമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘ഇറാനെ നശിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുന്നുണ്ട്. എന്നാൽ ഇറാൻ പ്രതിരോധമില്ലാത്ത രാജ്യമല്ലെന്ന് അദ്ദേഹത്തിനറിയാം. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, അമേരിക്ക അടുത്തിടെയായി ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നത്’– എംബസി എക്സില്‍ കുറിച്ചു. 

തോക്കുകളും റിയോട്ട് ഷീൽഡുകളും ഏന്തിനിൽക്കുന്ന എതിരാളികളെ പ്രതിരോധിക്കുന്ന ബാലയ്യയുടെ ആക്ഷൻ സീനാണ് വീഡിയോയിലുള്ളത്. എംബസി പോസ്റ്റിൽ ബോളിവുഡ് എന്നാണ് പരാമർശിച്ചതെങ്കിലും ഇത് ടോളിവുഡ് ചിത്രമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ ട്രംപ് ഇറാനെതിരെ നടത്തിയ കടുത്ത ഭാഷയാണ് ഈ മറുപടിയുടെ പശ്ചാത്തലം. 

ഇറാനുമായി കരാറിലെത്തണോ അതോ ഇസ്ലാമിക് റിപ്പബ്ലിക്കിനെ പൂർണമായും ഇല്ലായ്മ ചെയ്യണോ എന്ന് താൻ തീരുമാനിക്കേണ്ടതുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനു ശേഷമാണ് വേറിട്ട ട്രോൾ മറുപടിയുമായി ഇറാന്‍ എംബസി രംഗത്തെത്തിയത്. അതേസമയം തന്നെ നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ മൂന്ന് മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനയുണ്ട്. 

Iran Embassy Uses Balakrishna's Action Scene to Mock Donald Trump's Threat:

Iran's Embassy in Zimbabwe trolled Donald Trump by sharing a clip from Nandamuri Balakrishna’s Telugu film Bhagavanth Kesari in response to his UN General Assembly threat to destroy Iran. The embassy mocked Trump on X (formerly Twitter), stating that the US seems to be watching Bollywood instead of Hollywood, while social media users corrected that it was actually a Tollywood scene. The troll post surfaced alongside news of potential diplomatic discussions between the two nations mediated by Qatar