ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് ജിസിസി രാജ്യങ്ങൾ. സൈനിക സമ്മർദ്ദം ഒഴിവാക്കിയാൽ ഏഴു ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ വ്യക്തമാക്കി. അതിനിടെ, യെമനിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി ഹൂതി വിമതർ അറിയിച്ചു.
യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഗൾഫ് സഹകരണ കൗൺസിൽ നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. സംഘർഷം ഗൾഫ് മേഖലയ്ക്ക് ഉണ്ടാക്കുന്ന വലിയ സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കളുടെ ഇടപെടൽ. അതേസമയം, തുറമുഖങ്ങൾക്കു മേലുള്ള യുഎസ് ഉപരോധം പിൻവലിക്കുകയും സൈനിക സമ്മർദ്ദം ഒഴിവാക്കുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം ഹോർമൂസ് കടലിടുക്ക് തുറന്നുനൽകാമെന്ന് ഇറാൻ സമ്മതിച്ചു.
യെമന്റെ വടക്കുപടിഞ്ഞാറൻ മേഖലയായ അൽ ബത്തീനിലും മോക്കയിലുമായി സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ അമ്മയും കുഞ്ഞുമടക്കം എട്ട് പേർ മരിച്ചതായി ഹൂതികൾ അറിയിച്ചു. പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ സൗദിക്ക് പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടനും ഫ്രാൻസും മുന്നോട്ടുവന്നു. സൗദി യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനും മിസൈൽ പ്രതിരോധത്തിനും യുകെ സഹായം നൽകും.
യാൻബു തുറമുഖത്തിനും എണ്ണ ശുദ്ധീകരണ ശാലകൾക്കും പൂർണ സംരക്ഷണം ഒരുക്കാമെന്ന് ഫ്രാൻസും ഉറപ്പുനൽകി. സമാധാന നീക്കങ്ങൾക്കിടെ ഇറാൻ എയർലൈനുകൾക്ക് പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി പ്രഖ്യാപിച്ചെങ്കിലും ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു.
സംഘർഷ ഭീതിയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം രണ്ടായി ചുരുങ്ങി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഹോർമൂസിലും ബാബ് അൽ മന്ദബിലും അടിയന്തരമായി കപ്പൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.