• ആക്ഷൻ ഹീറോയിൽ നിന്ന് സംവിധായകന്റെ വേഷത്തിലേക്ക് കടക്കുന്ന താരം തന്റെ കരിയറിലെ 50-ാമത് ചിത്രം സ്വന്തമായി എഴുതി സംവിധാനം ചെയ്യുന്നു.

ആക്ഷൻ ഹീറോയിൽനിന്ന് ഉണ്ണി മുകുന്ദൻ ഇനി ആക്ഷൻ പറയുന്ന അമരക്കാരനിലേക്ക്. അരങ്ങിലും അണിയറയിലും ഒരുപോലെ സാന്നിധ്യമാകാൻ ഉണ്ണി മുകുന്ദൻ സംവിധായകന്റെ കുപ്പായമണിയുന്നു. കരിയറിലെ 50–ാമത് ചിത്രം ഒരുങ്ങുന്നത് ഹൈ–വോൾട്ടേജ് ആക്ഷൻ എന്റർടെയ്നറായിട്ടാണ്. ചിത്രത്തിന്റെ രചനയും ഉണ്ണി മുകുന്ദൻ തന്നെയാണ് നിർവഹിക്കുന്നത്.

പാൻ–ഇന്ത്യൻ തലത്തിൽ തരംഗമായ 'മാർക്കോ'യ്ക്ക് ശേഷം ബിഗ് ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും (യുഎംഎഫ്) കൈകോർത്താണ്. ദേശീയ പുരസ്കാര ജേതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ അനുഭവക്കരുത്ത് ചിത്രത്തിന് രാജ്യാന്തര നിലവാരത്തിലുള്ള നിർമാണ മികവ് ഉറപ്പാക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

"എന്റെ 50–ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്റെയും സംവിധായകന്റെയും റോളിൽ എത്തുമ്പോൾ അതിനു മാറ്റേറുന്നു. സ്വന്തം കാഴ്ചപ്പാടിൽ സിനിമകൾ ചെയ്യണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെയും പനോരമ സ്റ്റുഡിയോസിന്റെയും സാന്നിധ്യം ഈ പ്രൊജക്റ്റിന് വലിയ കരുത്താണ്. ഭാഷാതിർത്തികൾ മായ്ച്ചുകളയുന്ന ദൃശ്യവിരുന്നായിരിക്കും ഇത്"– ഉണ്ണി മുകുന്ദൻ പറഞ്ഞു.

വെള്ളിത്തിരയിൽ തീപാറിക്കാൻ പോകുന്ന മാസ് ചിത്രത്തിന്റെ പേര്, അഭിനേതാക്കൾ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും.

ENGLISH SUMMARY:

Malayalam actor Unni Mukundan is all set to step into the director's shoes for his milestone 50th film project. Written and directed by Unni Mukundan himself, the movie is envisioned as a high-voltage, action-packed entertainer built for a pan-Indian audience. The grand project is jointly produced by Bollywood's reputed Panorama Studios alongside Unni Mukundan Films following the success of his previous action hit 'Marco'. The actor shared that taking on the dual roles of writer and director fulfills a long-cherished dream to bring his personal creative vision to life.