നടൻ നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'ഏഴു കടൽ ഏഴു മലൈ'യുടെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ഏറ്റെടുത്തു. പ്രശസ്ത തമിഴ് സംവിധായകൻ റാം രചനയും സംവിധാനവും നിർവ്വഹിച്ച ഈ റൊമാന്റിക് സൈക്കോളജിക്കൽ ഫാന്റസി ചിത്രം 2026 ഒക്ടോബർ 1-നാണ് ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ഏറെ നാളത്തെ അകൽച്ചയ്ക്ക് ശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും തമ്മിലുള്ള സൗഹൃദം വീണ്ടും ഊഷ്മളമായതും, ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്ന് നിവിൻ അടുത്തിടെ വ്യക്തമാക്കിയതിനും പിന്നാലെയാണ് വിതരണാവകാശം വേഫെറർ ഫിലിംസ് ഏറ്റെടുത്ത വാർത്ത പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികളും ആരാധകരും ഈ വാർത്തയെ വരവേറ്റത്. മുൻപ് ദുൽഖർ നിർമ്മിച്ച് അഭിനയിച്ച 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും സക്സസ് ട്രെയിലറും പങ്കുവെച്ച് നിവിൻ പോളി നൽകിയ ആശംസകളും അതിന് ദുൽഖർ നൽകിയ മറുപടിയും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിച്ച 'ഏഴു കടൽ ഏഴു മലൈ'യിൽ നിവിൻ പോളിക്കൊപ്പം അഞ്ജലി, തമിഴ് നടൻ സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ 32 വയസ്സുകാരനായ ഒരു സാധാരണക്കാരനും, നിവിൻ പോളി അവതരിപ്പിക്കുന്ന 8,000 വർഷത്തിലേറെ പഴക്കമുള്ള ഒരു അമരനായ മനുഷ്യനും തമ്മിൽ കണ്ടുമുട്ടുന്നതും തുടർന്ന് വികസിക്കുന്ന കാലാതീതമായ പ്രണയവുമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
തിയേറ്റർ റിലീസിന് മുൻപ് തന്നെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പെടെയുള്ള പ്രശസ്തമായ ആഗോള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് വൻ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയാണിത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തും.