സനല്‍കുമാര്‍ ശശിധരന്‍, ശാന്തി മായാദേവി, മഞ്ജു വാരിയര്‍

  • സനൽകുമാർ ശശിധരനെതിരായ മാനനഷ്ടക്കേസിൽ മഞ്ജു വാരിയര്‍ക്കായി ഹാജരാകുന്നത് നടിയും അഭിഭാഷകയുമായ ശാന്തി മായാദേവി

സംവിധായകൻ സനൽകുമാർ ശശിധരനെതിരെയുള്ള മാനനഷ്ടക്കേസില്‍ നടി മഞ്ജു വാരിയര്‍ക്കായി ഹാജരാകുന്നത് നടിയും അഭിഭാഷകയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. കേസില്‍ പ്രതികരണവുമായി ശാന്തി ഇന്നലെ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. കേസും ശാന്തിയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ ശ്രദ്ധേിക്കപ്പെട്ടു. ശാന്തി അഭിഭാഷകയാണെന്ന കാര്യം ഇതിനോടകം സിനിമാ പ്രേമികള്‍ക്ക് അറിയാമെങ്കിലും അറിയാത്ത ചിലരെങ്കിലും അദ്ഭുതപ്പെട്ടു. ശാന്തിയുടെ പ്രതികരണങ്ങള്‍ക്ക് താഴെ ‘ഇത് ജോര്‍ജുകുട്ടിയുടെ വക്കീലല്ലേ, ഇവര്‍ ശരിക്കും വക്കീലായിരുന്നോ’ എന്ന കമന്‍റുമായി ആളുകളും എത്തുന്നുണ്ട്.

ദൃശ്യത്തിലൂടെയാണ് കൈയടി നേടിയതെങ്കിലും മറ്റ് ചിത്രങ്ങളിലും തകർപ്പൻ പ്രകടനവുമായി ശാന്തി എത്തിയിരുന്നു. 'ഗാനഗന്ധർവൻ' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പമാണ് നടിയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും തന്റെ പ്രതിഭ തെളിയിച്ചു. ജീത്തു ജോസഫിനൊപ്പം 'ദൃശ്യം 2', 'നേര്' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സഹ-എഴുത്തുകാരിയായി. ഇതിനിടയിൽ ദളപതി വിജയ്ക്കൊപ്പം 'ലിയോ' എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും അഭിഭാഷകയാണെന്നത് ശാന്തിയുടെ ദൃശ്യത്തിലെ അഭിഭാഷകയുടെ കഥാപാത്രത്തിനും കൂടുതൽ കരുത്ത് പകര്‍ന്നു. മാത്രമല്ല, ഇതറിഞ്ഞതോടെ പ്രേക്ഷകരും ശാന്തിയെ ഏറ്റെടുക്കുകയായിരുന്നു.

സനൽകുമാർ ശശിധരനെതിരെ മഞ്ജുവിനായി ഹാജരാകുന്നത് ശാന്തിയാണെന്ന് അറിഞ്ഞതോടെ, സോഷ്യല്‍ മീഡിയയിലും കമന്‍റുകള്‍ നിറയുന്നുണ്ട്. ‘ശരിക്കും വക്കീലായിരുന്നല്ലേ, ഇയാൾ ദൃശ്യത്തില്‍ നിന്ന് പുറത്തേക്ക്‌ വന്ന് കേസ്‌ ഒക്കെ എടുക്കാൻ തുടങ്ങിയോ, മഞ്ജു വാരിയര്‍ ദൃശ്യം 4ൽ ഉണ്ടോ, ഇനിയിപ്പോ ജോർജ് കുട്ടി ഏർപ്പാടാക്കിയ വക്കീലാണോ ഇത്, ജോർജുകുട്ടിയുടെ വക്കീൽ, കൊച്ച് അപ്പോ ശരിക്കും വക്കീൽ ആരുന്നോ’ എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്‍റുകള്‍. അതുമാത്രമല്ല, കേസില്‍ ശാന്തിയുടെ പ്രതികരണം കേട്ടതോടെ ‘വക്കീലിനെ നല്ല മതിപ്പുതോന്നി. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു, മിടുക്കി വക്കീൽ... എത്ര ഭംഗിയായി കാര്യങ്ങൾ പറഞ്ഞു, വക്കീല്‍ സൂപ്പര്‍’ എന്നിങ്ങനെയും കമന്‍റുകള്‍ നിറയുന്നുണ്ട്.

കേസില്‍ ശാന്തിയുടെ പ്രതികരണം

സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഒരു വ്യക്തിയെ നിരന്തരം അധിക്ഷേപിക്കുന്നതിനെതിരെയുള്ള നിയമപരമായ പോരാട്ടമാണിതെന്ന് അഡ്വ. ശാന്തി വ്യക്തമാക്കി. സനൽ കുമാറിന്റെ വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് വാർത്തകൾ നൽകുന്ന ഓൺലൈൻ ചാനലുകൾക്കും കോടതിയുടെ ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിച്ച് മുന്നോട്ട് പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തുടർനടപടികൾ വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്നും ശാന്തി കൂട്ടിച്ചേർത്തു.

‘സനൽ കുമാർ ശശിധരൻ എന്ന് പറയുന്ന ആള്‍ സ്ഥിരമായി മഞ്ജു വാരിയര്‍ എന്ന വ്യക്തിയെ അപകീർത്തിപ്പെടുത്തുകയും അവർക്കെതിരെ വ്യാജ വാർത്തകൾ നൽകുകയും ചെയ്യുന്നുണ്ട്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എല്ലാ ദിവസവും, ഒരു പതിനായിരം കണ്ടന്‍റ് വരെ ഇട്ട് അപകീർത്തിപ്പെടുത്തുകയാണ്. നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതല്ലേ? ഇപ്പോള്‍ അത് സെക്രട്ടറിയേറ്റ് വരെ എത്തിയിരിക്കുന്നു. മഞ്ജു വാരിയര്‍ എന്നുള്ളതല്ല, ഞാനും ഒരു സ്ത്രീയാണ്. ഇവിടെ എന്‍റെ കൂടെ നിൽക്കുന്ന നിങ്ങളിലും സ്ത്രീകളുണ്ട്. ആൺ പെൺ വ്യത്യാസമില്ലാതെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഒരു വ്യക്തിയെ നിരന്തരം വ്യക്തിപരമായിട്ട് അധിക്ഷേപിക്കുകയും അത് ഏറ്റുപിടിച്ചു കൊണ്ട് സ്ഥിരമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നു. വാർത്തകൾക്ക് ഇത്രയും ക്ഷാമം ഒന്നും ഇല്ലല്ലോ, കേസില്‍ പ്രതികളായിട്ട് സനൽ കുമാർ ശശിധരൻ മാത്രമല്ല ഓൺലൈനിലൂടെ ഇത്തരം വ്യാജ വാർത്തകൾ കൊടുക്കുന്ന പല മാധ്യമങ്ങളുമുണ്ട്’– ശാന്തി പറയുന്നു.

‘മഞ്ജു വാരിയര്‍ എന്നുള്ള ഒരു വ്യക്തിയല്ല, നാളെ ഇപ്പോ എനിക്കുണ്ടായാൽ ജീവിക്കേണ്ടേ? ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടായാല്‍ നിങ്ങൾ എന്ത് ചെയ്യും? സ്ത്രീകൾക്ക് മാത്രമല്ലല്ലോ അങ്ങനെ ഒരു അവസ്ഥ വരുന്നത്. കുടുംബമായിട്ട് ജീവിക്കുന്ന അച്ഛനും അമ്മയും സഹോദരങ്ങളും... മുകളിലേക്ക് നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭൂമി എന്ന് പറയുന്നവർക്ക് ഇതൊന്നും നോക്കാനില്ല. അല്ലാത്ത ആൾക്കാർക്ക് ഇതെല്ലാം വളരെ ബുദ്ധിമുട്ടാണ്. മഞ്ജു റെപ്യൂട്ടഡ് ആയി സമൂഹത്തിൽ ജീവിക്കുന്ന നമുക്കെല്ലാവർക്കും അറിയുന്ന ഒരു വ്യക്തിയാണ്. ഇനി അങ്ങനെ അല്ലെങ്കിൽ കൂടെയും ഒരാൾക്കും ഇങ്ങനെ വരാൻ പാടില്ല. തോന്നുന്നത് എന്തും ചെയ്യാം എന്നുള്ള ഒരു പ്രവണത ശരിയല്ലല്ലോ. നിയമപരമായി ഇവിടെ ചെയ്യാൻ പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്’– ശാന്തി വ്യക്തമാക്കി.

സനൽകുമാറിനെതിരെ മഞ്ജു കോടതിയിൽ

നിരന്തരം വ്യാജ ആരോപണങ്ങളും അധിക്ഷേപകരമായ പ്രതികരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സനൽകുമാർ ശശിധരനെതിരെ മഞ്ജു വാരിയര്‍ കോടതിയെ സമീപിച്ചത്. എറണാകുളം മുൻസിഫ് കോടതിയിലാണ് താരം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സനൽകുമാർ ശശിധരൻ തനിക്കെതിരെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടത്തുന്ന അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും, മാനനഷ്ടത്തിന് കേസെടുക്കണമെന്നുമാണ് മഞ്ജിവിന്‍റെ ഹർജിയിലെ പ്രധാന ആവശ്യം.

മഞ്ജു ചില റാക്കറ്റുകളുടെ കൺട്രോളിലാണെന്നും, താനുമായി പ്രണയത്തിലാണെന്നുമൊക്കെ ഉന്നയിച്ച് സനൽകുമാർ ശശിധരൻ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിയും സനൽകുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അവാർഡുകൾ നിരത്തിവെച്ച് നിരാഹാര സമരം ആരംഭിച്ചിരുന്നു.

കേസില്‍ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംവിധായകൻ സനൽ കുമാർ ശശിധരനും, മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഈ മാസം മുപ്പതിന് ഹാജരാകാൻ പ്രതികൾക്ക് കോടതി നോട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Actress and advocate Shanthi Mayadevi is representing actress Manju Warrier in her defamation lawsuit against director Sanal Kumar Sasidharan at the Ernakulam Munsiff Court. Manju Warrier filed the suit seeking the removal of abusive social media posts and action over persistent false allegations made by the director. Shanthi's sharp media briefing on the legal case quickly went viral, prompting widespread social media enthusiasm from fans who recognized her as the lawyer from the movie 'Drishyam 2'. Apart from her prominent screen roles in films like 'Drishyam 2' and 'Leo', Shanthi is a practicing advocate in real life and has co-written hit movies like 'Neru'.