സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ ആരോപണങ്ങളെ പരിഹസിച്ച് നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം എന്നാണ് സനൽകുമാറിന്‍റെ ആവശ്യങ്ങളിലൊന്ന്. ഈ ആരോപണങ്ങളെ തികച്ചും നർമ്മത്തിൽ ചാലിച്ച് ട്രോളുന്ന രീതിയിലാണ് മധു വാര്യരുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

'അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു' എന്ന് കുറിച്ചുകൊണ്ടാണ് മധു വാര്യരുടെ കുറിപ്പ് ആരംഭിക്കുന്നത്. 'അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ  തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. 

അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. 

ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും,' മധു വാര്യര്‍ കുറിച്ചു. 

താൻ ഉന്നയിച്ച ഗുരുതരമായ വിഷയങ്ങളിൽ സർക്കാരോ നിയമസംവിധാനങ്ങളോ ഇടപെടാത്തതിനാലാണ് താന്‍ നിരാഹാരമിരിക്കുന്നതെന്നാണ് സനല്‍ കുമാര്‍ പറഞ്ഞത്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ തെരുവിൽ വച്ചാണ് സനൽ പ്രതിഷേധിക്കുന്നത്. തന്റെ പേരിൽ മുമ്പുണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണെന്നും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയ സനൽ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുസമൂഹം പിന്തുണയുമായി മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചു.

ENGLISH SUMMARY:

Actor-producer Madhu Warris, brother of actress Manju Warrier, posted a satirical social media note mocking director Sanal Kumar Sasidharan’s ongoing protest and allegations. Sasidharan launched an indefinite hunger strike outside the Kerala Secretariat, claiming, among other things, that Manju Warrier is being held captive by a sex racket. Sarcastically recounting a family visit to the "captive" Manju along with their mother, wife, daughter, and pet dog, Madhu described how the "gunpoint-held" actress casually ordered burnt garlic fried rice, honey-glazed chicken, and noodles for everyone, before discussing her new dresses. He concluded the post by hilariously noting that their mother decided to stay back in "captivity" for two days to take a break from her Kathakali and Yoga classes.