രാജ്യത്തെ ആദ്യത്തെ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന മൾട്ടിപ്ലെക്സ് തിയറ്റർ കൊച്ചി കാക്കനാട്ട് പ്രവർത്തനം ആരംഭിച്ചു. കാഴ്ചയുടെ പുതിയ അനുഭവമൊരുക്കി മാജിക് ഫ്രെയിംസ് നിർമിച്ച തിയേറ്ററിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, നടൻ ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇരുതാരങ്ങളും ഒരേ ചടങ്ങിൽ പങ്കെടുക്കുന്നത്. സംഘാടകർ ഒരേ നിരയിലാണ് ഇരുവരുടെയും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നതെങ്കിലും അടുത്തടുത്ത സീറ്റുകളിലല്ല ഇവർ ഇരുന്നത്. നേരത്തെ, ദിലീപും കുടുംബവും പങ്കെടുക്കുന്ന താരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വിവാഹച്ചടങ്ങുകളിൽ മഞ്ജു വാര്യർ പങ്കെടുത്തിരുന്നില്ല. ദിലീപും കാവ്യ മാധവനും പങ്കെടുത്ത സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കാളിദാസ് ജയറാമിന്‍റെ വിവാഹ ആഘോഷങ്ങളിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. 

അതേസമയം, എല്‍.ഇ.ഡി സ്ക്രീനിലെ ആദ്യ ഷോ താരിനിബഡമായിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ മുൻനിര താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി. നാല് സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സ് തിയറ്ററാണ് മാജിക് ഫ്രെയിംസ് സജ്ജമാക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമ ആസ്വദിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്ന് മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. പൃഥ്വിരാജ് നായകനാകുന്ന 'ഖലീഫ'യാണ് ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീനിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.

ENGLISH SUMMARY:

Malayalam cinema stars Dileep and Manju Warrier were spotted together at the same public event for the first time in years during the inauguration of Magic Frames' new multiplex in Kakkanad, Kochi. The grand event marked the launch of Kerala's first transparent LED screen multiplex theater, inaugurated by Chief Minister V.D. Satheesan. Although organizers seated both actors in the same row, they were placed in non-adjacent seats, drawing significant attention from attendees and media. The star-studded ceremony was also attended by several prominent industry figures, including Prithviraj Sukumaran, Kunchacko Boban, and Jayasurya.