തമിഴ് ചിത്രം 'ഡിസി'യുടെ വൻ ബോക്‌സ് ഓഫിസ് വിജയത്തിന് പിന്നാലെ അണിയറപ്രവർത്തകർക്ക് ആഡംബര കാറുകൾ സമ്മാനിച്ച സൺ പിക്ചേഴ്‌സ് ഉടമ കലാനിധി മാരന്റെ പ്രവർത്തിക്കെതിരെ പ്രതികരണവുമായി നടി സാനിയ അയ്യപ്പൻ. ചിത്രത്തിൽ 'ചന്ദ്ര' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാമിഖ ഗബ്ബിയെ സമ്മാനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സാനിയ പരസ്യമായി രംഗത്തെത്തിയത്.
നായകനും സംവിധായകനും സംഗീത സംവിധായകനും ബിഎംഡബ്ല്യു കാറുകൾ കൈമാറുന്ന വിഡിയോ സൺ പിക്ചേഴ്‌സ് ഔദ്യോഗിക പേജുകളിൽ പങ്കുവെച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് 'ചന്ദ്രയും ഇത് അര്‍ഹിക്കുന്നു' എന്ന് സാനിയ കമന്റ് ചെയ്തത്. സാനിയയുടെ പ്രതികരണത്തെ പിന്തുണച്ച് നിമിഷങ്ങൾക്കകം നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
സംവിധായകൻ അരുൺ മാതേശ്വരൻ, നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് കലാനിധി മാരൻ ബിഎംഡബ്ല്യുവിന്റെ 'BMW iX1 LWB' ഇലക്ട്രിക് എസ്‌യുവികൾ സമ്മാനമായി നൽകിയിരുന്നു.
ഏകദേശം 25 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 100 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി മാറിയിരുന്നു. സിനിമയുടെ വിജയത്തിൽ തുല്യ പങ്കുവഹിച്ച നായികയെ മാത്രം എന്തുകൊണ്ട് ഒഴിവാക്കി എന്നാണ് ആരാധകരും സോഷ്യൽ മീഡിയയും ചോദ്യമുയർത്തുന്നത്.