അരുണ്‍ മാതേശ്വരന്‍റെ സംവിധാനത്തില്‍ ലോകേഷ് കനകരാജ്, വാമിഖ ഖബ്ബി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഡിസി മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതവും മികച്ച അഭിപ്രായമാണ് നേടുന്നത്. അതേസമയം ഡിസിയില്‍ നായകനായി മറ്റൊരാളെ ആയിരുന്നോ ആദ്യം തീരുമാനിച്ചത് എന്ന സംശയമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉന്നയിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ പഴയ ഒരു അഭിമുഖമാണ് ഇതിന് കാരണമായിരിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ചിത്രവുമായി സാമ്യതയുള്ളതുകൊണ്ട് അതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും വിജയ് പറഞ്ഞു.
'ഞാനും അരുണ്‍ മാതേശ്വരനും തമ്മില്‍ മുന്‍പ് കണ്ടിട്ടുണ്ട്. വളരെ ഇന്‍ററസ്റ്റിങ്ങായ ഒരു ഐഡിയയുമായിട്ടാണ് അദ്ദേഹം വന്നത്. പക്ഷേ ഞാന്‍ ചെയ്തുകൊണ്ടിരുന്ന സിനിമയുമായി വളരെയേറെ സാമ്യമുണ്ടായിരുന്നതായിരുന്നു. എനിക്ക് അരുണിനൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ സാമ്യത കാരണം അത് നിരസിക്കേണ്ടിവന്നു,' എന്നാണ് ഇപ്പോള്‍ വൈറലാവുന്ന പഴയ അഭിമുഖത്തില്‍ വിജയ് പറയുന്നത്.
അന്ന് അരുണ്‍ പറഞ്ഞ ആ കഥ ഡിസിയുടേയാതായിരുന്നോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ അത് വിജയ് ദേവരകൊണ്ടയ്ക്ക് വലിയ നഷ്ടമാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അരുണ്‍ ഏത് കഥയാണ് വിജയ്യോട് പറഞ്ഞതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം കളക്ഷനിലും മികച്ച നേട്ടമാണ് ഡിസി ഉണ്ടാക്കുന്നത്. സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി 30.65 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി 43.90 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.