kalyani-remix-shreya-ghoshal-saniya-iyappan

മലയാളത്തെ ഇന്‍ഡി പോപ് മേഖലയില്‍ ട്രെന്‍ഡിങാക്കിയ കല്യാണി ഗാനത്തിന്റെ റീമിക്സുമായി ശ്രേയഘോഷാലിനൊപ്പം കല്യാണി ടീം. പുതിയ പാട്ടിന്റെ ദൃശ്യാവിഷ്കാരത്തെയും ട്രെന്‍ഡിങാക്കി സാനിയ ഇയ്യപ്പനും ഒപ്പമുണ്ട്. ശ്രേയ ഘോഷാലടക്കം പങ്കു വച്ച ഇന്‍സ്റ്റഗ്രാം റീലുകള്‍ 24 മണിക്കൂര്‍ തികയും മുന്‍പു തന്നെ കോടിക്കണക്കിന് പേരിലേക്ക് എത്തിക്കഴിഞ്ഞു. റെക്കോര്‍ഡിങിന്റെ ബി.ടി.എസും സാനിയയുടെ മ്യൂസിക് വീഡിയോയും അടക്കം പല റീലുകളായാണ് കല്യാണി റീമിക്സ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്.

ഒറിജിനല്‍ കല്യാണിയുടെ സ്രഷ്ടാക്കളായ അര്‍ജനും കെ.ഡി.എസും ഫിഫ്റ്റി 4–ഉം റോണും പുതിയ പാട്ടിലുമുണ്ട്. മലയാളത്തിലും ഹിന്ദിയില്‍ കൂട്ടിച്ചേര്‍ത്ത വരികളുമാണ് ശ്രേയ ഘോഷാല്‍ ആലപിച്ചിരിക്കുന്നത്. ശ്രേയയുടെ ശബ്ദമാധുര്യം കൂടി ചേര്‍ന്നതോടെ കല്യാണിക്ക് ഇരട്ടിമധുരമെന്ന് ആരാധകര്‍ പറയുമ്പോള്‍ പഴയ കല്യാണി തന്നെ ക്ലാസെന്ന് നെഞ്ചോടു ചേര്‍ക്കുന്നു കല്യാണി ഫാന്‍സ്. ലിയോ ബെന്‍ ആണ് വിഡിയോ സംവിധാനം. ഭരത് സാഗറിന്റെ ക്യാമറയിലാണ് സാനിയയുടെ നൃത്തച്ചുവടുകളുടെ മനോഹരമായ ചിത്രീകരണം.

കഴിഞ്ഞ നവംബറിലാണ് കല്യാണി ആദ്യമായി യൂട്യൂബില്‍ റിലീസ് ചെയ്തത്. മലയാളം ഇന്‍ഡി പോപ്പില്‍ റെക്കോര്‍ഡ് കുതിപ്പാണ് പിന്നീട് കണ്ടത്. എല്ലാ റേറ്റിങ് ചാര്‍ട്ടുകളിലും കല്യാണി മുന്നിലെത്തി. ഇന്‍സ്റ്റ റീലുകളില്‍ തരംഗമായി. മലയാളി ഡാന്‍സര്‍ നോയല്‍ അലക്സാണ്ടറും ടീമും കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് വീഡിയോകള്‍ കൂടി ട്രെന്‍ഡിങായതോടെ കല്യാണി വന്‍തരംഗമായി മുന്നേറി. ബോളിവുഡ് താരങ്ങളടക്കം പാട്ടിനു ചുവടുവച്ചു. യൂണിവേഴ്സല്‍ മ്യൂസിക് ഇന്ത്യയുടെ ബാനറിലാണ് കല്യാണി റിലീസ് ചെയ്തത്.

സിനിമയ്ക്കു പുറത്തുള്ള സ്വതന്ത്രസംഗീതത്തിന് ആസ്വാദകര്‍ക്കിടയില്‍ വന്‍സ്വീകാര്യത ലഭിച്ചു തുടങ്ങിയതോടെ മലയാളി കലാകാരന്‍മാരും പാന്‍ ഇന്ത്യന്‍ താരങ്ങളാണിപ്പോള്‍. കല്യാണിക്കൊപ്പം അംശവും റേറ്റിങ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെ തുടരുന്നു. അക്സോമാനിയാകിന്റെയും എം.എച്ച്.ആറിന്റെയും ഭൂമിയുടെയും സ്റ്റേജ് ഷോകളില്‍ പതിനായിരങ്ങള്‍ ആവേശത്തോടെയെത്തുന്നു. ഹനാന്‍ ഷായുടെ ചിറാപുഞ്ചിക്കും ജുനൂനും ഇപ്പോഴും ആസ്വാദകരേറെ. സിനിമയ്ക്കൊപ്പം തന്നെ സിതാര കൃഷ്ണകുമാറും ഡാബ്സിയും സ്വതന്ത്രസംഗീതത്തിലും തിളങ്ങുന്നു. ഹനിയ നഫീസയെയും ഫെജോയെയും തിരുമാലിയെയും ബേബി ജീനെയും പിന്തുടരുന്നത് ലക്ഷങ്ങളാണ്. എല്ലാം കൊണ്ടും മലയാളം സ്വതന്ത്രസംഗീതത്തിന് നല്ല കാലം!

ENGLISH SUMMARY:

The viral Malayalam indie hit 'Kalyani' gets a new remix featuring Shreya Ghoshal's vocals and Saniya Iyappan's dance. Explore the rise of Malayalam independent music.