aishwarya-lekshmi

TOPICS COVERED

സിനിമാ ചിത്രീകരണത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുമുണ്ടായ വിചിത്രമായ അനുഭവം പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. ഈറോഡിൽ വച്ച് നടന്ന ഷൂട്ടിങ്ങിനിടെ ഗ്രാമീണരിൽ നിന്ന് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

ഷൂട്ടിങ്ങിനായി ഈറോഡിലെ ഒരു ഗ്രാമത്തിലെത്തിയപ്പോൾ മറ്റൊരു കാലഘട്ടത്തിലേക്ക് പോയതുപോലെയാണ് തോന്നിയതെന്ന് ഐശ്വര്യ പറഞ്ഞു. ‘അവിടുത്തെ ആളുകൾ എന്നോട് എന്റെ ഗോത്രം ഏതാണെന്ന് ചോദിക്കുകയുണ്ടായി. ജീവിതത്തിൽ ഇന്നുവരെ ആരും എന്നോട് അങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ല, എന്റെ ഗോത്രം ഏതാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതിനുശേഷം മലയാളി എന്ന നിലയിൽ എനിക്ക് കൂടുതൽ അഭിമാനം തോന്നി. ഈ ചോദ്യം കേട്ടപ്പോൾ, ഇതറിഞ്ഞിട്ട് എന്താണ് കാര്യം എന്നാണ് എനിക്ക് തോന്നിയത്. ആ ഒരു സാഹചര്യം ഉൾക്കൊള്ളാൻ എനിക്ക് ഏറെ പ്രയാസമായിരുന്നു. തമിഴ്‌നാട്ടിലെ എല്ലാവരും ഇങ്ങനെയല്ലെന്നും എന്നാൽ തനിക്ക് നേരിടേണ്ടി വന്നത് ഇത്തരം ഒരു അനുഭവമാണെന്നും താരം വ്യക്തമാക്കി.

ഡോക്ടർ കൂടിയായ തിരുവനന്തപുരം സ്വദേശി ഐശ്വര്യ ലക്ഷ്മി 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'മായാനദി', 'വരത്തൻ', 'പൊന്നിയിൻ സെൽവൻ' തുടങ്ങിയ നിരവധിയേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ന് തിയേറ്ററുകളിലെത്തിയ 'ആശ'യാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഉർവശി, ജോജു ജോർജ്, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ENGLISH SUMMARY:

Actress Aishwarya Lekshmi recently shared a bizarre experience she faced from locals while shooting for a film in a village near Erode. During a candid interview, she revealed that villagers questioned her about her clan or lineage, a query she had never encountered before in her life. Finding the situation difficult to comprehend, the incident actually made her feel prouder to be a Malayali. The actor is currently promoting her latest release 'Asha', which hit theatres alongside an ensemble cast including Urvashi and Joju George.