തന്റെ വസ്ത്രധാരണത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളിലും ട്രോളുകളിലും പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. വസ്ത്രത്തിന്റെ നീളത്തിലോ പുറത്തുകാണുന്ന ക്ളീവേജിലോ അല്ല ഒരാളുടെ സംസ്കാരം ഇരിക്കുന്നതെന്ന് തുറന്നടിച്ച നടി, സമീപകാലത്ത് തന്റെ വസ്ത്രധാരണത്തെപ്പറ്റി ഉണ്ടായ ട്രോളുകളിൽ നിലപാട് വ്യക്തമാക്കി. രഞ്ജിനി ഹരിദാസിനു നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
'ഇതെന്റെ ഭാഗത്തു നിന്നുള്ള ഒരു വിശദീകരണമല്ല. ഞാൻ എന്ത് ധരിക്കുന്നു, അല്ലെങ്കിൽ ഇപ്പോൾ ധരിച്ചിരിക്കുന്നു എന്നതിനൊന്നും ഞാൻ ഒരിക്കലും ആർക്കും ഒരു വിശദീകരണവും നൽകാൻ ഉദ്ദേശിക്കുന്നില്ല' എന്ന് വ്യക്തമാക്കിയ ശേഷമാണ് താരം താൻ നേരിട്ട വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ചത്. "കുളിക്കാൻ പോകുമ്പോൾ ധരിക്കുന്ന ഡ്രസ് എന്ന നിലയിൽ ട്രോൾ ചെയ്യപ്പെട്ട വസ്ത്രത്തെപ്പറ്റി പറയാം. ശരിക്കും പറഞ്ഞാൽ അതൊരു റിയൽ ട്രാജഡിയായിരുന്നു. ഇപ്പോൾ എന്റെയും എന്റെ കൂട്ടുകാരുടെയും ഇടയിൽ അതൊരു വലിയ കോമഡി-ട്രാജഡിയായി മാറിയിരിക്കുകയാണ്. കാരണം, എവിടെയെങ്കിലും പോകുമ്പോൾ എന്റെ കൂട്ടുകാർ ആ ബ്രാൻഡ് കാണുകയോ ആ നിറങ്ങൾ കാണുകയോ ചെയ്താൽ ഉടൻ അതിന്റെ ഫോട്ടോകൾ എടുത്ത് എനിക്ക് അയച്ചുതരും! 'ഇത് നിർത്ത് നിർത്ത്' എന്ന് പറയേണ്ട അവസ്ഥയാണ്.
അന്ന് ആ മുറിയിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു, എന്റെ മാനേജർ ഉണ്ടായിരുന്നു, അവർ എന്നോട് പറഞ്ഞു, 'ഐശ്വര്യാ, വേണ്ട, ചിലപ്പോൾ ഇത് ശരിയാകില്ല, ഇത് വേണ്ട' എന്ന്. അവർ എല്ലാവരും എനിക്ക് വ്യക്തമായി മുന്നറിയിപ്പ് തന്നതാണ്. എന്നാൽ ഞാൻ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 'ഇതാണ് ഫാഷൻ, മുലക്കച്ച നമ്മൾ തിരികെ ട്രെൻഡിങ് ആക്കാൻ പോവുകയാണ്' എന്നൊക്കെ വിചാരിച്ചാണ് ഞാൻ പോയത്! എന്നാൽ പിന്നീട് 'അയ്യോ... വേണ്ടായിരുന്നു, ഇത് പറ്റില്ല' എന്ന് എനിക്ക് മനസിലായി. അത്രയ്ക്കും എപിക് ആയ ഒരു അമളിയായിരുന്നു അത്! ഒടുവിൽ ഞാൻ എന്റെ കൂട്ടുകാരോട് സമ്മതിക്കേണ്ടി വന്നു, 'നിങ്ങൾ പറഞ്ഞതായിരുന്നു ശരി, എനിക്ക് തെറ്റി' എന്ന്.
മറ്റൊരു വസ്ത്രം മുൻവശത്ത് കീ ഹോൾ ഉള്ള വസ്ത്രമാണ്. ക്ലീവേജും കീഹോളുമുള്ള ആ ഡ്രസ് എന്റെ കൂട്ടുകാർക്കാർക്കും ഇഷ്ടമായിരുന്നു. പക്ഷേ അത് ധരിച്ചു കഴിയുമ്പോൾ ഇത്രയും വലിയ കീഹോൾ ആയിരിക്കും എന്ന് ഞാനും വിചാരിച്ചില്ല. അത് ഇട്ടുകഴിഞ്ഞപ്പോൾ നന്നായിരുന്നു. എന്റെ ഒപ്പം എപ്പോഴും ഒരു പെൺപട തന്നെയുണ്ടായിരിക്കും. ആ വസ്ത്രം ധരിച്ച് ഡയമണ്ടും ഇട്ടപ്പോൾ വളരെ വ്യത്യസ്തവും സെക്സിയുമായ ഒരു ലുക്ക് ഉണ്ടായിരുന്നു. സുഹൃത്തുക്കൾ എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. തിരുവനന്തപുരത്ത് നടക്കുന്ന ഒരു പ്രോഗ്രാമിലേക്കാണ് ഞാൻ പോയത്. രാമനാട് എന്ന സ്ഥലത്ത് എനിക്ക് അന്ന് ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഫ്ലൈറ്റ് തിരുവനന്തപുരത്തു നിന്നായിരുന്നു.
ഫ്ലൈറ്റ് കയറാൻ പോകുന്ന വഴിക്ക് ആ ഡയമണ്ട് എക്സിബിഷനിൽ ഒന്നു വരാമോ എന്ന് അവർ ചോദിച്ചു. അതൊരു പെയ്ഡ് പ്രോജക്ട് ആയിരുന്നില്ല. ആ ബ്രാൻഡുമായുള്ള നല്ല ബന്ധം കാരണം പോയതായിരുന്നു. രാജ്യാന്തര ഡയമണ്ട് ജ്വല്ലറി എക്സിബിഷൻ അല്ലേ, എന്റെ ഫാഷനൊക്കെ കാണിച്ച് തകർക്കാം എന്ന് ഞാൻ വിചാരിച്ചു. പക്ഷേ, അതു നടക്കുന്നത് പാരിസിൽ അല്ല പഴവങ്ങാടിയിൽ ആണെന്നത് ഞാൻ വിട്ടു. അവിടെ ഇത്രയധികം ക്യാമറകൾ ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു നടി എന്ന നിലയിൽ ചിലപ്പോൾ റിയാലിറ്റി നമ്മൾ മറന്നുപോകും.
'ഓ റിയാലിറ്റി ചെക്ക്' എന്ന് തോന്നിയ നിമിഷമായിരുന്നു അത്. അവിടെയുള്ള ക്യാമറകൾ എന്റെ മുഖത്തിന് പകരം എന്റെ ശരീരഭാഗങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. 'ഞങ്ങൾക്ക് നിങ്ങളുടെ മുഖം വേണ്ട' എന്നു പറയുന്നതുപോലെയായിരുന്നു ആ മൊബൈൽ ക്യാമറകളുടെ പ്രവർത്തനം. നമ്മൾ അസ്വസ്ഥരാകുമ്പോൾ നമ്മുടെ ശരീരഭാഷ മാറും. പേഴ്സണൽ ബൗണ്ടറികളുടെ കാര്യമാണിത്. ആ സ്പേസിൽ അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു. ഉടൻ തന്നെ ആളുകൾ 'ഓ പെട്ടെന്ന് ബോധം വന്നു, മറയ്ക്കാൻ ശ്രമിക്കുകയാണ്' എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്യാൻ തുടങ്ങി.
ആ കമന്റുകളൊക്കെ ഞാൻ കണ്ടു. എനിക്ക് ആ ഡ്രസ്സ് ഇടുന്നതിൽ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല, പക്ഷേ നിങ്ങളുടെ കണ്ണുകൾ അതിൽ എന്താണ് തിരയുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. സംസ്കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ കഴുത്തിന്റെ ആഴത്തിലോ ആണോ ഇരിക്കുന്നത്? അല്ല, ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് സംസ്കാരം. സംസ്കാരത്തിന് ചേരുന്ന കമന്റുകളാണോ ഇവർ ഇടുന്നത്? ഒരു സ്ത്രീ എപ്പോഴും അവളുടെ ശരീരത്തെപ്പറ്റി ബോധവതിയായിരിക്കണം, കാണുന്നവർ എന്തുവേണമെങ്കിലും പറയും, അവർക്ക് പറയാം പക്ഷേ, ശ്രദ്ധിക്കേണ്ടത് നമ്മളാണ്. ഇവർ ശരിക്കും എന്നെ അറിഞ്ഞിരുന്നെങ്കിലോ എന്ന് ഞാൻ ചിന്തിച്ചുപോകാറുണ്ട്.
ആദ്യത്തെ 24 മണിക്കൂർ ഞാൻ അത് വെറുമൊരു തമാശയായി എടുത്ത് ചിരിക്കുകയായിരുന്നു. പിന്നെയാണ് ഇന്റർനെറ്റിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങുന്നത്. ജനങ്ങൾ പോസ്റ്റുകൾ ഇടുന്നു. 2026-ലും ഇന്റർനെറ്റിൽ ഇതിനെക്കുറിച്ചാണോ ചർച്ച? എന്തായാലും ഇത് നടന്നത് പഴവങ്ങാടിയിൽ ആണെന്ന് സോഷ്യൽ മീഡിയയിൽ അറിഞ്ഞില്ല. അറിഞ്ഞെങ്കിൽ പ്രശ്നം ഗുരുതരമായേനെ. ആളുകൾ പോസ്റ്റുകൾ ഇടുന്നു, വലിയ വലിയ ചർച്ചകൾ നടത്തുന്നു, കമന്റുകൾ എഴുതിക്കൂട്ടുന്നു!
ശരിക്കും ആലോചിച്ചു നോക്കൂ, നമ്മുടെ രാജ്യത്ത് അടിയന്തരമായി ചർച്ച ചെയ്യപ്പെടേണ്ട എത്രയോ ഗൗരവമേറിയ പ്രശ്നങ്ങളുണ്ട്! രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ജി.ഡി.പി നിരക്കുകളെയും കുറിച്ച് നമ്മൾ സംസാരിക്കേണ്ടതല്ലേ? തെരുവുകളിലും വയോജന മന്ദിരങ്ങളിലും സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന, ആരുമില്ലാതെ പോകുന്ന എത്രയോ വയസ്സായ മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടിൽ! അതുപോലെ കുട്ടികൾക്കെതിരെ ദിനംപ്രതി നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും കുറിച്ച് നമുക്ക് ചർച്ച ചെയ്തൂടെ? അവർക്ക് നൽകേണ്ട സുരക്ഷയെക്കുറിച്ചും സമൂഹത്തിൽ ഉണ്ടാകേണ്ട വലിയ മാറ്റങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാൻ എത്രയോ കാര്യങ്ങളുണ്ട്!
എന്നാൽ അത്തരം കാതലായ വിഷയങ്ങളെല്ലാം പൂർണ്ണമായി തഴഞ്ഞുകൊണ്ട്, ഒരു സ്ത്രീ ഏത് വസ്ത്രം ധരിച്ചു, അവളുടെ വസ്ത്രത്തിന്റെ കഴുത്തിന്റെ ആഴമെത്രയാണ് എന്നതിനെക്കുറിച്ച് സംസാരിക്കാനാണ് ആളുകൾ സമയം കണ്ടെത്തുന്നത്. അത്രയും അനാവശ്യമായ ഒരു കാര്യത്തെക്കുറിച്ച് മണിക്കൂറുകളോളം ചർച്ചകൾ നടത്താനും വിലയിരുത്താനുമാണ് ഇവിടെ ആളുകൾക്ക് താല്പര്യം. ഒരു സ്ത്രീയുടെ ക്ലീവേജ് ആണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം? സമൂഹത്തിന്റെ ഈ മുൻഗണനകൾ കാണുമ്പോൾ ശരിക്കും കഷ്ടം തോന്നും" - ഐശ്വര്യ വ്യക്തമാക്കി.