രാജ്യത്തെ തിരക്കഥാകൃത്തുക്കളുടെ പ്രമുഖ സംഘടനയായ സ്ക്രീൻറൈറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SWA) സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് ലാബ് ആൻഡ് പിച്ച് ഫെസ്റ്റിൽ മലയാളത്തിൽ നിന്നും മൂന്ന് തിരക്കഥകൾ.
ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരിൽ നിന്നായി ലഭിച്ച 1,479 ഫീച്ചർ ഫിലിം തിരക്കഥകളിൽ നിന്ന് സ്ക്രീൻറൈറ്റേഴ്സ് അസോസിയേഷൻ (SWA) സംഘടിപ്പിക്കുന്ന 'സ്ക്രിപ്റ്റ് ലാബ് & പിച്ച് ഫെസ്റ്റ് 2026'-ലേക്കാണ് മലയാളത്തിൽ നിന്ന് മൂന്ന് തിരക്കഥകൾ തെരഞ്ഞെടുക്കപ്പെട്ടത്. ശക്തമായ മത്സരത്തിനൊടുവിൽ മലയാളത്തിന്റെ പേര് ദേശീയ തലത്തിൽ വീണ്ടും അടയാളപ്പെടുത്തിയിരിക്കുകയാണ് ഈ നേട്ടം.
തെരഞ്ഞെടുക്കപ്പെട്ടവയിൽ രണ്ടെണ്ണം പൂർണ്ണമായും മലയാളത്തിലുള്ളതും, ഒരെണ്ണം ഹിന്ദി-മലയാളം ഭാഷകൾ ഉൾപ്പെടുന്ന ബഹുഭാഷാ തിരക്കഥയുമാണ്.
അക്ഷയ് മോഹനൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന് രചിച്ച പ്രവാഹം (Pravaaham), ഫൈസൽ സി.എസ് രചിച്ച ത്രീ സ്റ്റോൺസ് ആൻഡ് എ ജിൻ (Three Stones and a Djinn), അനൂപ് എബ്രഹാം പാറയ്ക്കൽ, അരസ്തു സാകിയ എന്നിവര്‍ രചിച്ച ഹിന്ദി-മലയാളം തിരക്കഥയായ ദോ രാഹേൻ - ദി റോഡ് ലെസ് ട്രാവൽഡ് (Do Rahein - The Road Less Travelled) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മലയാളം തിരക്കഥകള്‍.
രാജ്യത്തെ മികച്ച തിരക്കഥാകൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും അണിനിരക്കുന്ന ഈ വേദിയിൽ തങ്ങളുടെ കഥകൾ അവതരിപ്പിക്കാനും വികസിപ്പിക്കാനുമുള്ള വലിയൊരു അവസരമാണ് ഈ എഴുത്തുകാർക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ശക്തമായ എഴുത്തുശൈലിയ്ക്കും പുത്തൻ ആശയങ്ങൾക്കുമുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.