അന്തരിച്ച നടി സിൽക്ക് സ്മിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നടിമാരിൽ ഒരാളായിരുന്നു ഉർവശി. സിനിമാ ജീവിതത്തിന്റെ ആദ്യകാലത്ത് സ്മിത തനിക്ക് നൽകിയ പിന്തുണയും സ്നേഹവും ഓർത്തെടുത്തിരിക്കുകയാണ് ഉർവശി. സ്മിതയെ താൻ മൂത്ത സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്നും നടി പറഞ്ഞു.
ഉര്‍വശിയുടെ പുതിയ ചിത്രം ‘ആശ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഉർവശി സിൽക്ക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. അക്കാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന നടിമാരെ സിനിമാ മേഖലയിൽ മറ്റൊരു രീതിയിലാണ് പരിഗണിച്ചിരുന്നതെന്ന് ഉർവശി പറയുന്നു. അതുകൊണ്ടുതന്നെ സിൽക്ക് സ്മിത പലപ്പോഴും മറ്റുള്ളവരിൽ നിന്ന് അകന്ന് ഒറ്റയ്ക്കിരിക്കാറുണ്ടായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
സ്മിതയുടെ വസ്ത്രധാരണത്തെയും മേക്കപ്പിനെയും കുറിച്ചും ഉർവശി പ്രത്യേകം പ്രശംസിച്ചു. നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലും മേക്കപ്പിലും സ്മിതയ്ക്ക് മികച്ച സെൻസ് ഉണ്ടായിരുന്നുവെന്നാണ് ഉർവശിയുടെ അഭിപ്രായം. എന്തുതരം വസ്ത്രം ധരിച്ചാലും അത് സ്മിതയ്ക്ക് അശ്ലീലമായി തോന്നാത്ത തരത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നുവെന്നും നടി പറഞ്ഞു.
തന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ സിൽക്ക് സ്മിതയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ഉർവശി വെളിപ്പെടുത്തി. ‘ഉർവശിക്ക് നല്ല ഫിസിക്കല്ലേ’ എന്ന് പറഞ്ഞ് തനിക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനുള്ള ആഗ്രഹം സ്മിത പലപ്പോഴും പ്രകടിപ്പിച്ചിരുന്നുവെന്നും അവർ ഓർത്തെടുത്തു. അന്ന് സിനിമകളിൽ പ്രത്യേകമായി കോസ്റ്റ്യൂം ഡിസൈനിങ് എന്ന ആശയം അധികം പ്രചാരത്തിലില്ലാതിരുന്നതിനാൽ സ്മിതയോട് നേരിട്ട് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ആവശ്യപ്പെടാൻ തനിക്ക് മടിയായിരുന്നുവെന്നും ഉർവശി പറഞ്ഞു.
സിൽക്ക് സ്മിതയ്ക്ക് തന്നോട് വലിയ ഇഷ്ടമായിരുന്നുവെന്നും, തനിക്ക് നൽകുന്ന വസ്ത്രങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാറുണ്ടായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു.