അഭിനയമികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഹോളിവുഡിനെ ഏറെക്കാലമായി വിസ്മയിപ്പിക്കുന്ന നടിയാണ് സൽമ ഹയക്. സ്ക്രീനിന് പുറമെ സോഷ്യൽ മീഡിയയിലും സൽമ താരമാണ്. പ്രായമേറെയായിട്ടും പ്രായം തോന്നിക്കാത്ത രൂപഭാവവുമായി ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം. ഇതിനിടെയാണ് തന്‍റെ അറുപതാം പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ട് താരം ഇന്റർനെറ്റിൽ തരംഗമാകുന്നത്. കടലിൽ നഗ്നയായി നീന്തിയാണ് താരം പിറന്നാൾ ആഘോഷിച്ചത്.
സെപ്റ്റംബർ രണ്ടിനായിരുന്നു സൽമയുടെ പിറന്നാൾ. 1966 സെപ്റ്റംബർ രണ്ടിന് മെക്സിക്കോയിലെ വെറാക്രൂസ് സംസ്ഥാനത്തെ കോട്ട്സാകോൾകോസിലാണ് സൽമ ജനിച്ചത്. ലെബനീസ് വംശജനായ പിതാവും മെക്സിക്കൻ-സ്പാനിഷ് വംശജയായ മാതാവുമാണ് സൽമയ്ക്കുള്ളത്.
ഒഴുകി നടക്കും 'അദ്ഭുതദ്വീപ്'; കണ്‍ചിമ്മുന്നതിനിടെ അപ്രത്യക്ഷം; അന്തംവിട്ട് ശാസ്ത്രലോകം...
മെക്സിക്കൻ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സൽമ അഭിനയരംഗത്തേക്ക് എത്തിയത്. ഏറെ വൈകാതെ ഹോളിവുഡിലേക്കും ചുവടുവച്ചു. അന്റോണിയോ ബന്ദേരാസിനൊപ്പം അഭിനയിച്ച ‘ഡെസ്പെരാഡോ’ എന്ന ആക്ഷൻ ചിത്രമാണ് സൽമയെ ഹോളിവുഡിൽ ശ്രദ്ധേയയാക്കിയത്. പിന്നീട് നിരവധി സിനിമകളിൽ താരം തിളങ്ങി.
പ്രശസ്ത മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയുടെ ജീവിതത്തെ ആസ്പദമാക്കി 2002ൽ പുറത്തിറങ്ങിയ ‘ഫ്രിഡ’ എന്ന ചിത്രം സൽമ ഹയക് നിർമ്മിക്കുകയും അതിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശവും താരത്തിന് ലഭിച്ചു.
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന സൽമയെ കണ്ടാൽ 30 വയസിൽ താഴെ മാത്രമേ പ്രായം തോന്നുകയുള്ളൂവെന്നാണ് ആരാധകരുടെ അഭിപ്രായം. ആരോഗ്യത്തിലും ഫിറ്റ്നസിലും താരം പുലർത്തുന്ന ശ്രദ്ധയും പലപ്പോഴും ചർച്ചയാകാറുണ്ട്. പിറന്നാൾ പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കമന്റുകളുമായി എത്തിയത്.