ബോളിവുഡ് താരജോഡികളായ രൺവീർ സിങ്ങിന്റെയും ദീപിക പദുകോണിന്റെയും മകൾ ദുവായ്ക്ക് ഇന്ന് രണ്ടാം പിറന്നാൾ. മകളുടെ ജന്മദിനത്തോടനുബന്ധിച്ച് തന്‍റെ ബേബി ബംപ് ചിത്രങ്ങളും പങ്കുവച്ചു. 'കുഞ്ഞു ദുവായും ഞങ്ങളുടെ ഹൃദയവും വലുതായിക്കൊണ്ടിരിക്കുകയാണ്! നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി,' എന്ന കുറിപ്പോടെയാണ് രൺവീർ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
ചിത്രങ്ങളിൽ ദീപികയുടെ ബേബി ബംപിൽ ചേർത്തുപിടിക്കുന്ന രൺവീറിനെയും മകൾക്കൊപ്പമുള്ള മനോഹരമായ കുടുംബ നിമിഷങ്ങളും കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ നിരവധി പ്രമുഖരും ആരാധകരും ദുവായ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി.
ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം 2018 നവംബർ 14-ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു രൺവീറിന്‍റേയും ദീപികയുടേയും വിവാഹം നടന്നത്. 2024 സെപ്റ്റംബർ 8-നാണ് മകൾ ദുവാ ജനിക്കുന്നത്. ഈ വർഷം ഏപ്രിൽ 19-ന് തങ്ങൾ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്തയും ഇരുവരും പങ്കുവെച്ചിരുന്നു.
ഷാരൂഖ് ഖാൻ നായകനാകുന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രം 'കിങ്', അല്ലു അർജുനൊപ്പം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക' എന്നിവയാണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പോസ്റ്റ്-അപ്പോക്കലിപ്റ്റിക് സോംബി അതിജീവന ത്രില്ലറായ 'പ്രളയ്' ആണ് രൺവീറിന്റെ പുതിയ ചിത്രം.