Image credit:facebook/pranayreddyvanga, instagram/deepikapadukone
ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിനെതിരെ കടുത്ത ആരോപണങ്ങളുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരന്‍ പ്രണയ് റെഡ്ഡി. സന്ദീപ് ചിത്രം സ്പിരിറ്റില്‍ നിന്ന് ദീപിക പിന്‍മാറിയതിനെ തുടര്‍ന്നുള്ള വിവാദങ്ങളിലാണ് പ്രണയിന്‍റെ പ്രതികരണം. എട്ടുമണിക്കൂറേ ജോലി ചെയ്യാന്‍ പറ്റുകയുള്ളൂവെന്ന് ദീപിക പറഞ്ഞുവെന്നായിരുന്നു വിവാദം ഉയര്‍ന്ന സമയത്ത് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കാന്‍ കൃത്യമായ കാരണങ്ങളുണ്ടായിരുന്നുവെന്ന് എന്‍ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയ് ആരോപിച്ചു. 'നേരത്തെ പറഞ്ഞതൊക്കെ തന്നെയാണ് പ്രധാന കാരണം. ഒന്ന് പ്രതിഫലമായിരുന്നു. രണ്ടാമത്തേത് സമയക്രമമായിരുന്നു. ഇതിനെല്ലാം പുറമേ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. ദീപികയുമായി ഇനിയും മുന്നോട്ട് പോകേണ്ടതില്ലെന്ന് സന്ദീപാണ് തീരുമാനിച്ചത്. നീണ്ട 18 മാസമാണ് ദീപികയുമായി സിനിമയെ കുറിച്ച് സംസാരിച്ച് കാത്തിരുന്നത്. അവര്‍ ആ സിനിമയില്‍ വേണമെന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്''- പ്രണയ് കൂട്ടിച്ചേര്‍ത്തു.
പ്രതിഫലത്തില്‍ കടുത്ത നിലപാടാണ് ദീപിക സ്വീകരിച്ചതെന്ന് പ്രണയ് വിശദീകരിച്ചു. 'സിനിമയുടെ ലാഭത്തിന്‍റെ പത്ത് ശതമാനമാണ് ദീപിക ചോദിച്ചത്. അവര്‍ക്ക് അത് ചോദിക്കാം. കൊടുക്കാന്‍ നമുക്ക് താല്‍പര്യമുണ്ടെങ്കില്‍ കൊടുക്കാം. പക്ഷേ ബജറ്റ് കൂടി നോക്കേണ്ടതുണ്ട്. ഇത് രണ്ടും കൂടി ശരിയാവില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. അതോടെയാണ് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ദീപിക സിനിമയുടെ കാര്യങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങി. സിനിമ എന്താണെന്നും കഥാപാത്രം എങ്ങനെയാണെന്നും ദീപികയോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. തീര്‍ത്തും രഹസ്യ സ്വഭാവമുള്ള അക്കാര്യങ്ങളെല്ലാം ദീപിക മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി. അത് ഞങ്ങളെ അസ്വസ്ഥരാക്കി. ചിത്രത്തിലെ അഭിനയത്തിന് ആറ് കോടി രൂപ അവര്‍ അധികം ചോദിച്ചു'- പ്രണയ് ആരോപിച്ചു.
സ്പിരിറ്റില്‍ നിന്ന് പിന്‍മാറുകയാണെന്ന് ദീപികയും ദീപികയെ വച്ച് ചിത്രം ചെയ്യുന്നില്ലെന്ന് സന്ദീപും പരസ്യ പ്രഖ്യാപനം നടത്തിയത് വലിയ കോളിളക്കമാണ് ബോളിവുഡില്‍ സൃഷ്ടിച്ചത്. ഷൂട്ടിങ് സമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തണമെന്ന് ദീപിക ആവശ്യപ്പെട്ടുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നുമുള്ള തരത്തിലായിരുന്നു അന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയാണ് പ്രഭാസിന്റെ നായികയായത്. ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള വിവരങ്ങളും എ റേറ്റഡ് ആക്ഷന്‍ ഭാഗങ്ങളുണ്ടെന്നതും വാര്‍ത്തകളായതോടെ ഇരുവരും തമ്മിലുള്ള പ്രശ്നം വീണ്ടും വഷളായി. ദീപികയുടെ പേര് പറയാതെ സന്ദീപ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. 'ഒരു അഭിനേതാവിനെ 100 ശതമാനം വിശ്വസിച്ചാണ് അവരോട് ഞാന്‍ കഥ പറയുന്നത്. ഇത് രഹസ്യമായി സൂക്ഷിക്കാമെന്ന അലിഖിത ധാരണ കേള്‍ക്കുന്നയാളും പറയുന്നയാളും തമ്മിലുണ്ടാകും. ഇങ്ങനെ ഇപ്പോള്‍ ചെയ്തതിലൂടെ നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. താരതമ്യേനെ പുതുമുഖമായ അഭിനേതാവിനെ താറടിച്ച് കാണിക്കാനും എന്‍റെ കഥയെ പരാജയപ്പെടുത്താനുമാണോ ഇത്? ഇതാണോ നിങ്ങളുടെ ഫെമിനിസം? എന്‍റെ വര്‍ഷങ്ങളുടെ കഠിനാധ്വാനമാണിത്. എനിക്ക് സിനിമയാണെല്ലാം. നിങ്ങള്‍ക്ക് അത് മനസിലാവില്ല, ഇനി മനസിലാവാനും പോകുന്നില്ല. അടുത്തവട്ടം ഒരു കാര്യം ചെയ്യൂ, മുഴുവന്‍ കഥയും ചോര്‍ത്തിക്കോളൂ, എനിക്കൊരു കുഴപ്പവുമില്ല' എന്നായിരുന്നു സന്ദീപിന്‍റെ എക്സ് പോസ്റ്റ്.
ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം സമയക്രമമാണെന്നതില്‍ ഉറച്ച് നിന്ന ദീപിക എട്ടുമണിക്കൂര്‍ ജോലിയെന്ന ആവശ്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാകുകയും ചെയ്തു. അതേസമയം, സന്ദീപ് ഉയര്‍ത്തിയ കഥ ചോര്‍ത്തല്‍ പോലെയുള്ള ആരോപണങ്ങളിലോ സാമ്പത്തിക തര്‍ക്കങ്ങളിലോ പ്രതികരിച്ചതുമില്ല.
അതേസമയം, എട്ടുമണിക്കൂര്‍ ജോലി സമയം എന്ന ആവശ്യം അന്യായമാണെന്ന് തോന്നുന്നില്ലെന്നും അവര്‍ തുറന്നടിച്ചിരുന്നു. 'ഞാന്‍ അംഗീകരിക്കാന്‍ പറ്റാത്ത എന്തെങ്കിലും ചോദിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. എട്ടുമണിക്കൂറാക്കണമെന്ന് ഞാന്‍ പറയുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. ക്രൂ ഉള്‍പ്പടെയുള്ളവരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കണമെന്ന് പറയുന്ന ആദ്യത്തെ അഭിനേതാവ് ഞാനല്ല. ഈ സമയക്രമത്തില്‍ ജോലി ചെയ്യുന്ന നിരവധി അഭിനേതാക്കളുണ്ട്, നടന്‍മാരുണ്ട്. വര്‍ഷങ്ങളായി അവരൊക്കെ എട്ടുമണിക്കൂറാണ് ജോലി ചെയ്യുന്നത്. അതൊരിക്കലും വാര്‍ത്തയായിട്ടില്ലെന്ന് മാത്രം'- ദീപിക തുറന്നടിച്ചു. അനാവശ്യ കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 'വളരെ നിശബ്ദമായി ഓരോ നിമിഷവും പടപൊരുതി ജീവിക്കുന്നയാളാണ്. തീര്‍ത്തും അപരിചിതമായ ഒരാള്‍ക്കോ, അപരിചിതരായ ഒരു കൂട്ടം ആളുകള്‍ക്കോ ഞാനെങ്ങനെ ഇവിടെ വരെ എത്തിയെന്നതിനെ കുറിച്ചോ എന്നെ കുറിച്ചോ അറിയണമെന്നില്ല. മൗനമായി നേരിടുകയാണ് മാന്യമായി മുന്നോട്ട് പോകാനുള്ള വഴിയെന്നാണ് ഞാന്‍ മനസിലാക്കുന്നത്' എന്നും ദീപിക വിശദീകരിച്ചിരുന്നു. 2027 മാര്‍ച്ചിലാണ് സ്പിരിറ്റ് തിയേറ്ററുകളിലെത്തുക.