വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ 'കിങ് ഓഫ് കൊത്ത' എന്ന ചിത്രത്തിന്റെ പരാജയവും അതിനെ തുടർന്നുണ്ടായ ട്രോളുകളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പരാജയത്തിന് ശേഷം മലയാള സിനിമയിൽ തന്നെ അഭിനേത്രിയായി തിരഞ്ഞെടുക്കാൻ അണിയറപ്രവർത്തകർക്ക് ഭയമായിരുന്നുവെന്നും, ചിത്രം തിയേറ്ററുകളിൽ നേരിട്ട പരാജയത്തിന്റെ പ്രത്യാഘാതം തനിക്കും അനുഭവിക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തി. രഞ്ജിനി ഹരിദാസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ്സ് തുറന്നത്.

'കിങ് ഓഫ് കൊത്ത റിലീസ് ചെയ്തതിന് ശേഷം എന്റെ കരിയറിനെ അത് ബാധിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ചിന്തിക്കുന്നത്. ചിലപ്പോള്‍ അത് തെറ്റുമാവാം. അത്രയധികം ഹൈപ്പോടെ വന്ന സിനിമയായിരുന്നു അത്. എന്റെ അറിവില്‍ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളം ഇന്റസ്ട്രിയില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ പേടിയായതുപോലെയായി.

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ഒരുപാട് ട്രോളുകളൊക്കെ വന്നിരുന്നു. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ടീമിന്റെ മൊത്തം ക്രൂവിനും അത്തരം ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. എന്റെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും എല്ലാം ട്രോള്‍ ചെയ്തു. പക്ഷേ പലപ്പോഴും അവര്‍ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

ചിത്രത്തില്‍ ഞാന്‍ ദുല്‍ഖറിനെ രാജുവേട്ടാ എന്ന് വിളിക്കുന്നത് പറഞ്ഞുകൊണ്ടാണ് പലരും കളിയാക്കിയത്. ഹലോ മമ്മിയുടെ ഷൂട്ടിങ് സമയത്ത് ഒരു എഡി എന്നെ അത് വിളിച്ച് കളിയാക്കിയത് എനിക്ക് വലിയ വേദനയുണ്ടാക്കി. അതുപോലെ പലതും. അതിന് ശേഷം ദുല്‍ഖറിനൊപ്പം എനിക്കൊരു ആഡ് ഷൂട്ട് വന്നിരുന്നു, പക്ഷേ അവരോട് ഞാന്‍ പറഞ്ഞു- ബാക്ക്ക്ലാഷ് അതിഭീകരമാണ്, നിങ്ങള്‍ക്കത് പണിയാവും എന്ന്. എനിക്ക് തോന്നുന്നില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന്. അത്തരം ട്രോളുകള്‍ എന്നെ അത്രയധികം ബാധിച്ചിട്ടുണ്ട്,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ENGLISH SUMMARY:

Actress Aishwarya Lekshmi recently revealed that the commercial failure of the high-profile film King of Kotha and the subsequent heavy trolling severely impacted her career in Malayalam cinema. She noted that filmmakers became hesitant to cast her following the backlash, which targeted her performance and dialogue delivery, particularly her line addressing co-star Dulquer Salmaan. The intense negative reactions deeply affected her confidence, leading her to turn down subsequent collaborative projects with Dulquer due to fear of further backlash. Despite acknowledging that some criticisms regarding her performance were valid, the actress admitted that the ordeal was a painful and challenging phase in her professional journey.