ഓപ്പണിങ് ഡേയില്‍ വമ്പന്‍ കളക്ഷനുമായി ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം'. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 11.35 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്ന് ബോക്സ് ഓഫീസ് ട്രാക്കിങ് സൈറ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്തു. കളക്ഷനിൽ സിംഹഭാഗവും സംഭാവന ചെയ്തത് കേരളത്തിലെ തിയേറ്ററുകളിൽ നിന്നാണ്. ആദ്യദിനം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം നേടിയത് 5.85 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ.
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യദിന കേരള കളക്ഷനുകളിൽ ഒന്നാണ് ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ മലയാളം താരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിക്കും മോഹൻലാലിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ദുൽഖർ സൽമാനും എത്തി.
രണ്ടക്ക കോടി കളക്ഷൻ നേടിയ നാല് ചിത്രങ്ങളാണ് ദുൽഖറിന്റെ പേരിലുള്ളത്. എട്ട് ചിത്രങ്ങളുമായി മോഹൻലാലാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് ചിത്രങ്ങളുമായി മമ്മൂട്ടി രണ്ടാം സ്ഥാനത്തും. 19 കോടി രൂപ നേടിയ ‘കുറുപ്പ്’, 15 കോടി നേടിയ ‘കിങ് ഓഫ് കൊത്ത’, 12 കോടി നേടിയ ‘ലക്കി ഭാസ്കർ’ എന്നിവയാണ് ആദ്യദിനം രണ്ടക്ക കോടി കളക്ഷൻ നേടിയ ദുൽഖർ ചിത്രങ്ങൾ. ഇതിന് പുറമെയാണ് പുതിയ ചിത്രം സ്വന്തമാക്കിയ മികച്ച ആദ്യദിന കളക്ഷനും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി വൻ കാൻവാസിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വൻ ആക്ഷൻ രംഗങ്ങളും ദുൽഖറിന്റെ സ്ക്രീൻ പ്രസൻസും കൊണ്ട് സമ്പന്നമായ ചിത്രം മാസ്-ആക്ഷൻ എൻ്റർടെയിനർ എന്ന നിലയില്‍ ആരാധകര്‍ ഏറ്റെടുത്തു. ആദ്യദിനം മികച്ച പ്രതികരണങ്ങളാണ് ഐ ആം ഗെയിമിന് ലഭിച്ചത്. ഇതിനിടയ്ക്ക് സെക്കന്‍റ് ഹാഫ് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് എന്നിവരടക്കം ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.