മമ്മൂട്ടിക്ക് വൈകാരികമായ വരികളിലൂടെ ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. 'ലോകത്തില്‍ എനിക്ക് ഏറ്റവും സുരക്ഷിതമായ ഇടം! അന്നും ഇന്നും എന്നും... ഹാപ്പിയെസ്റ്റ് ബർത്ത്ഡേ പാ, ലവ് യൂ മോസ്റ്റസ്റ്റ്' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ ആശംസകൾ കുറിച്ചത്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് താരം പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഓരോ ജന്മദിനത്തിലും അച്ഛനോടുള്ള ആദരവും സ്‌നേഹവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ദുൽഖറിന്റെ ഈ വർഷത്തെ പോസ്റ്റും നിമിഷങ്ങൾക്കകം വൈറലായി മാറി. പോസ്റ്റിന് താഴെ സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആരാധകരും മെഗാസ്റ്റാറിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് കമന്റുകൾ കുറിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് ആരാധകരും സിനിമാ ലോകത്തെ സഹപ്രവർത്തകരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. 

'മേള', 'ഓം ചാപ്റ്റര്‍ വണ്‍', 'മട്ടാഞ്ചേരി മാഫിയ', 'പദയാത്ര' എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ 'ഓം ചാപ്റ്റര്‍ വണ്ണിന്‍റെ' ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ടീസറിലാകെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. 'മേള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും രാവിലെ പുറത്തുവിട്ടിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ഒൻപതാമത്തെ ചിത്രമാണിത്.

ENGLISH SUMMARY:

Actor Dulquer Salmaan shared an emotional birthday message for his father and megastar Mammootty on social media. Posting a cherished photo together, Dulquer described his father's presence as the safest place in the world for him. The heartfelt birthday note quickly went viral across platforms, drawing immense love from fans and colleagues. Numerous film personalities and thousands of admirers joined in the comment section to extend their warm birthday wishes to the legendary actor.