സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മനസുതുറന്ന് ഗായിക ശ്രേയ ഘോഷാൽ. പതിമൂന്നാം വയസുമുതല്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഉണ്ടെങ്കിലും തനിക്കിതുവരെ അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ശ്രേയ പറഞ്ഞു. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ശ്രേയ ഘോഷാൽ വ്യക്തമാക്കി. ഹോട്ടർഫ്ലൈ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രേയ ഘോഷാൽ.
ഇപ്പോള്‍ സാഹചര്യം താരതമ്യേന മെച്ചപ്പെട്ടതാണെന്നും സോഷ്യൽ മീഡിയ വ്യാപകമാകുന്നതിന് മുമ്പ് കാര്യങ്ങള്‍ മോശമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇൻഡസ്ട്രിയിലെ ചില സ്ത്രീകൾ ഇത്തരത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ശ്രേയ പറയുന്നു. താന്‍ ജോലി സ്ഥലത്ത് പോകുമ്പോഴെല്ലാം മാതാപിതാക്കള്‍ കൂടെ ഉണ്ടാകുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ആരെങ്കിലും തന്നെ മറ്റൊരു രീതിയില്‍ സമീപിക്കണമെന്ന് ആഗ്രഹിച്ചാലും അതിന് കഴിയുമായിരുന്നില്ലെന്നും ശ്രേയ ഘോശാൽ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയിലെ പ്രതിഫലത്തിലെ അസമത്വത്തെ കുറിച്ചും ശ്രേയ ഘോശാൽ സംസാരിച്ചു. ഇതൊരു ജെൻഡർ അടിസ്ഥാനത്തിലുള്ള പ്രശ്നമായി കാണാനാകില്ലെന്നും പുരുഷ ഗായകർക്കും കരിയറിന്റെ തുടക്കത്തിൽ സമാനമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. താനും തന്റെ കരിയറിന്റെ ആരംഭത്തിൽ നിരവധി ഗാനങ്ങൾ പ്രതിഫലം വാങ്ങാതെ സൗജന്യമായി പാടിയിട്ടുണ്ടെന്നും ശ്രേയ കൂട്ടിച്ചേർത്തു.