തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി മോഡലും റിയാലിറ്റി ടിവി താരവുമായ ആകാൻക്ഷ ചൗധരി. ബ്യൂട്ടി പേജന്റ് രംഗത്തെ പ്രമുഖനായ വ്യക്തിയില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് ആകാൻക്ഷ പറഞ്ഞു. നെറ്റ്ഫ്ളിക്സ് റിയാലിറ്റി ഷോ ആയ ‘ലോക്കപ്പ്: സച്ച് യാ സസാ’യിലാണ് ആകാന്‍ക്ഷ ഇക്കാര്യം തുറന്നുപറഞ്ഞത്.
'സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള വസ്ത്രങ്ങൾ വാങ്ങാനും പരിശീലന ഫീസിനുമായി ഒന്നുരണ്ട് ലക്ഷം രൂപ ആവശ്യമായിരുന്നു. ഇത് നൽകാൻ എന്‍റെ മാതാപിതാക്കൾക്ക് ശേഷിയുണ്ടായിരുന്നില്ല. മത്സരാർത്ഥികളെ സാമ്പത്തികമായി സഹായിക്കാറുള്ള, പേജന്റ് രംഗത്തെ പ്രശസ്തനായ ഒരു വ്യക്തിയെ ഞാന്‍ സമീപിച്ചു. മുന്‍പ് ഞാന്‍ പങ്കെടുത്ത മത്സരങ്ങളിൽ അദ്ദേഹം ജഡ്ജിയായി വന്നിരുന്നതിനാൽ വർഷങ്ങളായി അദ്ദേഹത്തെ അറിയാം. ജോലി ചെയ്ത് താന്‍ ആ കടം വീട്ടാമെന്നും പറഞ്ഞു.
മുൻപ് മെന്‍റർമാരോടൊപ്പം ഇടപെട്ട് പരിചയമുള്ളതിനാൽ, സംശയം ഒന്നും തോന്നാതെ ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി. അവിടെ എത്തിയപ്പോൾ അയാൾ മോശമായി പെരുമാറി. കെട്ടിപ്പിടിക്കാൻ എന്ന വ്യാജേന അടുത്ത് വരികയും, പിന്നീട് ബലമായി പിടിച്ചുവയ്ക്കുകയും ചെയ്തു. അയാളുടെ കൈകൾ ഞാന്‍ തള്ളിമാറ്റി. സാമ്പത്തിക സഹായത്തിന് പകരമായി ലൈംഗികബന്ധമാണ് അയാള്‍ ആവശ്യപ്പെട്ടത്. എല്ലാം അയാള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. ഒരു മാസത്തിനിടെ അഞ്ചാറ് തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമെന്ന് അയാള്‍ വിചാരിച്ചു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘സർ, എനിക്ക് ഇത് അറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു.’ രണ്ടുവർഷം കഴിയുമ്പോള്‍ നീ ഖേദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ഇവിടെ ഇതില്ലാതെ ഒന്നും നടക്കില്ല. നീ ആരുമല്ല എന്നും അയാള്‍ പറഞ്ഞു. പക്ഷേ ആറ് മാസത്തിനിപ്പുറം ഞാൻ വലിയൊരു ഷോയിലെത്തി. ഒരു വർഷത്തിനുശേഷവും ഒരു വലിയ വേദികളിൽ ഒന്നിൽ നിൽക്കുന്നു,' കണ്ണ് നിറഞ്ഞ് ആകാൻക്ഷ പറഞ്ഞു. ഈ അനുഭവം പറഞ്ഞതിന് ശേഷം ആകാന്‍ക്ഷയുടെ അടുത്ത സുഹൃത്തും സഹമത്സരാര്‍ഥിയുമായ യോഗേഷ് അടുത്ത് വന്ന് ആശ്ലേഷിച്ച് ആശ്വസിപ്പിച്ചിരുന്നു.
വേദിയിൽ ഇത്തരമൊരു അനുഭവം തുറന്നുപറയാൻ കാണിച്ച വലിയ ധീരതയെ ഷോയുടെ അവതാരകരായ ഫറാ ഖാനും റിതേഷ് ദേശ്മുഖും അഭിനന്ദിച്ചു. ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാൻ അവൾ കാണിച്ച മനസ്സ് മറ്റുള്ളവർക്ക് വലിയ കരുത്ത് പകരുമെന്ന് റിതേഷ് ദേശ്മുഖ് കൂട്ടിച്ചേർത്തു.