i-am-game

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. ദുൽഖറിന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തിയത്. സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ആദ്യ ഷോകൾക്ക് പിന്നാലെ പുറത്തുവരുന്ന പ്രതികരണങ്ങളിൽ ദുൽഖർ സൽമാന്റെ പ്രകടനത്തിനാണ് പ്രധാനമായും കൈയടി ലഭിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ട്രെയിലറിൽ വെളിപ്പെടുത്താതിരുന്ന നിരവധി അപ്രതീക്ഷിത സർപ്രൈസുകളും സിനിമയിലുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു.

തന്‍റെ പ്രകടനം കൊണ്ട് ദുൽഖർ ആദ്യ പകുതി പൂർണമായും കൈയടക്കിയെന്നാണ് പ്രേക്ഷകാഭിപ്രായം. ഓണം റിലീസായി എത്തേണ്ടിയിരുന്ന ഒരു പെർഫെക്റ്റ് കൊമേഴ്ഷ്യൽ എന്റർടെയ്‌നറാണ് ചിത്രമെന്നും പലരും അഭിപ്രായപ്പെടുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള ദുൽഖറിന്‍റെ തിരിച്ചുവരവ് ഗംഭീരമായെന്നും ആരാധകർ പറയുന്നു. ആന്‍റണി വർഗീസ് പെപ്പെയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചമൻ ചാക്കോയുടെ എഡിറ്റിങ്ങിനും ജേക്സ് ബിജോയ് ഒരുക്കിയ സംഗീതത്തിനും പ്രേക്ഷകരിൽ നിന്ന് അനുകൂല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അതേസമയം, രണ്ടാം പകുതി കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എങ്കിലും ചിത്രം തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രതികരണം.

വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് എന്നിവരടക്കം ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ENGLISH SUMMARY:

Director Nahas Hidhayath's big-budget action entertainer I'm Game, starring Dulquer Salmaan, opened to positive audience responses across theaters. Marking Dulquer's 40th film and his return to Malayalam cinema after a three-year hiatus, the Pan-Indian release arrived in cinemas with a U/A 16+ certification. Early viewer reactions praise Dulquer's dominant first-half performance and highlight hidden surprises not revealed in the trailer. Featuring notable performances by Antony Varghese (Pepe), dynamic editing by Chaman Chakko, and music by Jakes Bejoy, the film—produced by Wayfarer Films—is being lauded as a solid commercial entertainer.