നടൻ ദുൽഖർ സൽമാൻ, ഭാര്യ അമാൽ സൂഫിയ, നടി കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ചെത്തിയ അവാർഡ് നിശയിലെ വിഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിച്ച അനാവശ്യ പ്രചരണങ്ങൾക്ക് കൃത്യമായ മറുപടിയുമായി കല്യാണി പ്രിയദർശൻ. ‘Dulquer's wife Said Side please that's my man’ എന്ന അടിക്കുറിപ്പോടെ 12 മില്യണിലധികം കാഴ്ചക്കാരുമായി വൈറലായ റീലിനാണ് താരം മറുപടി നൽകിയത്.
‘ലോക: ചാപ്റ്റർ 1’ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം നടന്ന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് മറുപടിയായി യാഥാർത്ഥ്യം എന്താണെന്ന് കല്യാണി തന്നെ നേരിട്ടെത്തി വ്യക്തമാക്കുകയായിരുന്നു.
"ബ്രോ, നിങ്ങൾ എന്തിനാണ് കാര്യങ്ങളെ ഇങ്ങനെ അനാവശ്യമായി വളച്ചൊടിക്കുന്നത്! ഞാൻ അമാലിനോട് നടുവിൽ നിൽക്കാൻ പറയുകയായിരുന്നു, എന്നാൽ അവർ എന്നോട് അവിടെ തന്നെ നിൽക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്. ഈ ഒരു ചെറിയ വിഡിയോയ്ക്കാണ് 12 മില്യൺ കാഴ്ചക്കാരുണ്ടായിരിക്കുന്നത്," എന്നായിരുന്നു കല്യാണിയുടെ പ്രതികരണം.
രണ്ട് സ്ത്രീകൾ പരസ്പരം സൗഹാർദ്ദത്തോടെ പെരുമാറിയ ഒരു സാധാരണ നിമിഷത്തെ തെറ്റായി ചിത്രീകരിച്ചവർക്കുള്ള കല്യാണിയുടെ ഈ പക്വതയാർന്ന മറുപടിക്ക് ആരാധകര്‍ കയ്യടിക്കുകയാണ്. ഗോസിപ്പുകൾക്ക് ഇടനൽകാതെ വിഷയം കൈകാര്യം ചെയ്ത താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഡോമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക: ചാപ്റ്റർ 1’ എന്ന ഫാന്റസി സൂപ്പർഹീറോ ചിത്രം മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറി ചരിത്രം സൃഷ്ടിച്ചിരുന്നു. ആഗോളതലത്തിൽ 300 കോടിയിലധികം നേടിയ ലോക, ഒരു വനിതാ കേന്ദ്രീകൃത ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് സ്വന്തമാക്കിയത്.