ദുല്‍ഖര്‍ സല്‍മാന്‍–നഹാസ് ഹിദായത്ത് ചിത്രം 'അയാം ഗെയിം' റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയിലേക്ക് ദുൽഖർ സൽമാൻ എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ. എട്ടു വർഷത്തോളം മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമാണ് യാഥാര്‍ഥ്യമായതെന്ന് നഹാസ് പറഞ്ഞു.
2018-19 കാലഘട്ടത്തിൽ മനസ്സിൽ ഉദിച്ച ആശയമാണ് 'അയാം ഗെയിം' എന്ന് നഹാസ് പറയുന്നു. 'കഥയുടെ വൺലൈൻ തയ്യാറാക്കിയപ്പോൾ തന്നെ ഈ കഥാപാത്രത്തെ ദുൽഖർ സൽമാൻ തന്നെ അവതരിപ്പിക്കണമെന്നുണ്ടായിരുന്നു. ആ ഒരു ആഗ്രഹത്തോടെയാണ് കഥ എഴുതിയതും. എന്നാൽ ഒരു തുടക്കക്കാരനായ സംവിധായകന് അദ്ദേഹത്തെ പോലൊരു താരത്തെ എളുപ്പത്തിൽ സമീപിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും നിരന്തരം അതിനായി ശ്രമിച്ചുകൊണ്ടിരുന്നു,' നഹാസ് പറഞ്ഞു.
'ഇക്കയിലേക്ക് എത്താന്‍ എനിക്കൊരു ആര്‍ഡിഎക്സ് വേണ്ടിവന്നു. ആര്‍ഡിഎക്സ് വിജയത്തിന് ഒരാഴ്ചക്ക് ശേഷം ഞാന്‍ മെസേജ് അയച്ചു. ഇക്ക ആ സമയത്ത് തെലുങ്കിലും തമിഴിലുമായി ഭയങ്കര ബിസി ആയിരുന്നു. എടാ, ഇപ്പോള്‍ മലയാളത്തിലേക്ക് നോക്കുന്നില്ല എന്ന് പറഞ്ഞു. ഇക്ക ജസ്റ്റ് വണ്‍ ലൈന്‍ കേട്ട് നോക്കു, നാളെ നിങ്ങളോട് കഥ പറഞ്ഞു എന്നുള്ള സന്തോഷമേലും കിട്ടുമല്ലോ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്നൈയില്‍ പോയി കഥ പറഞ്ഞു. കഥ കേട്ടയുടനെ ഇക്ക പറഞ്ഞു, നമുക്കിത് ചെയ്യാം.
അഞ്ചെട്ട് കൊല്ലം മുന്നേ മനസില്‍ ആലോചിച്ചു, മാനിഫെസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മനസില്‍ കണ്ട ഹീറോയെ വച്ച് തന്നെ സിനിമ ചെയ്യുക എന്നത് വലിയ ഭാഗ്യമാണ്. കഥ കേട്ടിട്ട് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നും ഇക്ക പറഞ്ഞു. ഇത്രയും ബജറ്റുള്ള സിനിമയാണ്. ചെറിയ ഫാന്‍റസി എലമെന്‍റൊക്കെയുണ്ട്. അതിന്‍റേതായ റിസ്ക് ഉണ്ട് എന്ന് പറയുമ്പോഴും ആ റിസ്ക് ഞാന്‍ എടുക്കാടാ, നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു,' നഹാസ് കൂട്ടിച്ചേര്‍ത്തു.