സിനിമ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസിന്റെ മുന്നേറ്റം. ലോക: ചാപ്റ്റർ 1 – ചന്ദ്ര, കളങ്കാവൽ എന്നിവയ്ക്കു ശേഷം ബെത്‌ലഹേം കുടുംബ യൂണിറ്റ് കൂടി വിജയമായതോടെ ഹാട്രിക്ക് നേട്ടത്തിലാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്. മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള മറ്റ് ഇന്ത്യൻ വിപണികളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ തുടക്കം.
നിർമ്മാതാവും നടനുമായ അരുൺ നാരായൺ, നടനും സംവിധായകനുമായ ദിലീഷ് പോത്തൻ, ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി അനൂപ് കുമാർ എന്നിവർ ചേർന്ന് ആരംഭിച്ച ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ തന്നെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു. തമിഴ്‌നാട്ടിൽ ടൊവിനോ തോമസ് നായകനായ 'നരിവേട്ട' വിതരണത്തിനെത്തിച്ചാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തുടക്കം കുറിച്ചത്. തുടർന്ന് ഷെയ്ൻ നിഗം ചിത്രം 'ബൽട്ടി'യിലൂടെ തമിഴ്‌നാട് വിപണിയിലെ സാന്നിധ്യം ശക്തമാക്കി.
ദുൽഖർ സൽമാൻ നിർമ്മിച്ച 'ലോക: ചാപ്റ്റർ 1 – ചന്ദ്ര', മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' എന്നീ ചിത്രങ്ങൾക്ക് തമിഴ്‌നാട്ടിൽ മികച്ച സ്വീകാര്യത നേടിക്കൊടുക്കാൻ കമ്പനിക്ക് സാധിച്ചു. തുടർന്ന് ഈ ഓണത്തിന് നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിതരണത്തിനെത്തിച്ചതോടെയാണ് കമ്പനി ഹാട്രിക് നേട്ടത്തിലേക്ക് കുതിച്ചത്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളിലെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയുടെ വിപണി കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ദേശീയതലത്തിൽ കരുത്തുറ്റ വിതരണ ശൃംഖലയായി മാറുന്നതിലും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് പുതിയ ചരിത്രം കുറിക്കുകയാണ്.